mangalattu
മംഗലാട്ട് രാഘവൻ

മാഹി: ഇന്ത്യൻ ദേശീയബോധത്തിന്റെ മഹാവിജയം ആഘോഷിക്കുമ്പോഴും മാഹിക്കാർക്ക് അതിൽ അണിചേരാൻ ഭാഗ്യമുണ്ടായിരുന്നില്ല. 1948 ഒക്ടോബർ 21ന് മയ്യഴിയിലെ വിമോചന പോരാളികൾ 'മെറി' ( നഗരസഭാ കാര്യാലയം) ഓഫീസിലേയ്ക്ക് സംഘടിച്ചെത്തിയതും പോരാട്ടത്തിനൊടുവിൽ ഫ്രഞ്ചുകാർ താത്ക്കാലികമായി കീഴടങ്ങിയതിനും മുന്നിൽനിന്ന പോരാളിയ്ക്ക് വയസ് നൂറിനടുത്താണ്. തലശ്ശേരി ചേറ്റംകുന്നിലെ ലതാ നികേതനിൽ ശാരീരികാവശതകൾക്കിടയിലും എഴുത്തിന്റെ വഴിയിലാണ് മംഗലാട്ട് രാഘവൻ.

വരുന്ന സെപ്തംബർ 20ന് മംഗലാട്ടിന് നൂറുവയസ് തികയും. മാഹിയുടെ ആ ഒക്ടോബർ വിപ്ളവം ഇപ്പോഴും മംഗലാട്ടിന്റെ മനസിലുണ്ട്. മൂപ്പൻ സായ്പ്പിനൊപ്പം കൊമ്മീസേർ ബസവയുടെ നേതൃത്വത്തിൽ നിറതോക്കുകളുമായി ഫ്രഞ്ച് മിലിട്ടറി പൊലീസുകാർ. പിരിഞ്ഞുപോയില്ലെങ്കിൽ വെടിവയ്ക്കുമെന്ന മുന്നറിയിപ്പ്. എന്നാൽ വെക്കടാ,വെടി എന്ന ഗർജ്ജനത്തോടെ മുന്നിൽ കയറി നെഞ്ചുവിരിച്ച് നിന്ന രാഘവന്റെ ചങ്കൂറ്റം രോമാഞ്ചത്തോടെയാണ് മയ്യഴിക്കാർ ഓർക്കുന്നത്. ജനക്കൂട്ടം മാഹി പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തി ആയുധങ്ങൾ പിടിച്ചെടുത്തതും മൂപ്പൻ സായ്പ്പിന്റെ ബംഗ്ലാവിലെത്തി അഡ്മിനിസ്‌ട്രേറ്റർ മൊസ്യെ പെരിയയെയും കുടുംബത്തെയും തടവുകാരാക്കിയതുമെല്ലാം ഈ ചങ്കൂറ്റത്തിന്റെ ബലത്തിലായിരുന്നു. അന്ന് പള്ളൂരിലേക്ക് നീങ്ങിയ മറ്റൊരു സംഘം പൊലീസ് ഔട്ട് പോസ്റ്റുകളും എത്താസിവിലും കൈയടക്കി. രാത്രി പത്തരയോടെ മാഹിയിൽ ഫ്രഞ്ച് ഭരണം താൽക്കാലികമായി അവസാനിക്കുകയും ചെയ്തു.

വിമോചന പോരാട്ടവേളയിൽ ജയപ്രകാശ് നാരായണനുൾപ്പെടെയുള്ള ദേശീയ നേതാക്കൾ മയ്യഴി സമരത്തെ ആധാരമാക്കി എഴുതിയ ഒട്ടേറെ കത്തുകൾ മംഗലാട്ട് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 1954 ലെ സ്വതന്ത്ര മയ്യഴി ഭരണ സമിതിയിലും മംഗലാട്ട് അംഗമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി വേളയിൽ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തിന് കേന്ദ്ര സർക്കാരിന്റെ താമ്രപത്രം ലഭിച്ചിരുന്നു. മലയാളത്തിലെ ബാലഭാഷ, വിക്ടർ യൂഗോവും, ബാലാമണിയമ്മയും എന്നീ മൗലീക പഠനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഫ്രഞ്ച് കവിതകൾ, വിക്ടർ യൂഗോവിന്റെ കവിതകൾ, ഫ്രഞ്ച് പ്രണയഗീതങ്ങൾ എന്നിവയും മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പരേതയായ ശാന്തയാണ് മംഗലാട്ടിന്റെ ഭാര്യ.ദിലീപ്, രാജീവ് എന്നിവർ മക്കളാണ്.

മംഗലാട്ട് രാഘവൻ

ഫ്രഞ്ച് മയ്യഴിയിലെ പ്രമുഖമായ മംഗലാട്ട് തറവാട്ടിൽ ചന്തുവിന്റെയും, കുഞ്ഞിപ്പുരയിൽ മാധവിയുടെയും മകനായി 1921 സെപ്തംബർ 20ന് ജനിച്ച മംഗലാട്ട് രാഘവൻ മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ വച്ച് അച്ഛന്റെ കൈ പിടിച്ചെത്തി ഗാന്ധിജിയെ കണ്ടതാണ് വഴിത്തിരിവായത്. കോളനി വത്കരണത്തിനെതിരെ പോരാടിയ 'യൂന്യോം അമിക്കാൽ 'എന്ന പുരോഗമന യുവജന സംഘടനയിൽ മംഗലാട്ട് സജീവ സാന്നിധ്യമായി.ഗാന്ധിയൻ ചിന്താധാരകളെ മുറുകെ പിടിച്ച ഐ.കെ.കുമാരൻ മാസ്റ്റർക്കൊപ്പം നിന്നെങ്കിലും സോഷ്യലിസ്റ്റായിരുന്നു മംഗലാട്ട്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടർന്ന് ചോമ്പാലിലെ റെയിൽ തീവെപ്പ് കേസിൽ അറസ്റ്റ് ചെയ്ത ഫ്രഞ്ച് പൊലീസ് ഇദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസിനെ ഏൽപ്പിച്ചു.അന്ന് അതി കഠിനമായ മർദ്ദനമേറ്റു. ഇത് മംഗലാട്ടിന്റെ ആരോഗ്യം തകർത്തു. ഫ്രഞ്ചുകാർ ഭരണം തിരിച്ചുപിടിച്ചതോടെ ഒളിവിൽ പോകേണ്ടി വന്നു. മംഗലാട്ടിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും പിന്നീട് ഫ്രഞ്ച് കോടതി 20 വർഷം തടവിനും ആയിരം ഫ്രാങ്ക് പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തു.