ഉദിനൂർ (കാസർകോട്): കൊടുക്കുന്തോറും വളരുന്നതാണ് ആദിത്യനെന്ന മൂന്നാംക്ളാസുകാരന്റെ കുടുക്ക. കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കഥകൾ പത്ര- ദൃശ്യ മാദ്ധ്യമങ്ങളിൾ കാണുമ്പോൾ ആദിത്യന്റെ കുടുക്ക പൊട്ടും.
മിഠായി വാങ്ങിയും ആഘോഷങ്ങൾ നടത്തിയും പണം ദുരുപയോഗം ചെയ്യാതെ അതൊക്കെ തന്റെ കൊച്ചുകുടുക്കയിൽ നിക്ഷേപിക്കുകയായിരുന്നു ആദിത്യൻ. കേരളത്തിലെ ഒന്നാം പ്രളയ സമയത്ത് തന്റെ കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തുടർന്ന് പുതിയ കുടുക്കയിൽ നിക്ഷേപം തുടങ്ങി. രണ്ടാം പ്രളയം വന്നപ്പോൾ അത് പൊട്ടിച്ചു കിട്ടിയ 866 രൂപ സ്കൂൾ ഹെഡ്മാസ്റ്റർ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചു.
ഇത്തവണ പ്രളയവും കൊവിഡ് മഹാമാരിയും ഒരുമിച്ചു നാടിനെ വിറപ്പിച്ചപ്പോൾ മൂന്നാമത്തെ കുടുക്കയും പൊട്ടി. വിദ്യാലയത്തിന്റെ ഓൺലൈൻ സ്വാതന്ത്ര്യദിന അസംബ്ലിയിൽ ആദിത്യൻ കിട്ടിയ തുക ഹെഡ്മാസ്റ്റർ സി. സുരേശന് അമ്മയുടെ സഹോദരൻ മുഖേന കൈമാറി. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പടന്നയിലെ സി. സുജിത്ത് കുമാറിന്റെയും എം. ശ്രീജിനയുടെയും മകനാണ്. രണ്ട് ഷോർട്ട് ഫിലിമിൽ അഭിനയിച്ച ഈ മിടുക്കൻ ഡി.എഫ്.എയുടെ ഫുട്ബാൾ കോച്ചിംഗിലും പങ്കെടുത്തിട്ടുണ്ട്.