albin-and-annmeri
a

വെള്ളരിക്കുണ്ട് (കാസർകോട്): സഹോദരിയെ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കൊന്ന കേസിലെ പ്രതി ആൽബിൻ (22) ആരാധിച്ചിരുന്നത് ഹോളീവുഡ് സിനിമകളിലെ ചെകുത്താൻ കഥാപാത്രങ്ങളെയെന്ന് പൊലീസ്. ആൽബിന്റെ മൊബൈൽ ഫോണിലും വാട്സ് ആപ്പിലും പ്രൊഫൈൽ ചിത്രമാക്കിയിരുന്നത് വെനം എന്ന ഹോളീവുഡ് സിനിമയിലെ

ഭീകരരൂപമുള്ള കഥാപാത്രത്തിന്റെ ചിത്രമാണ്. ഫോണിലെ ഈ ചിത്രങ്ങൾ കണ്ട് സംശയം തോന്നിയപ്പോഴാണ് കൂടുതൽ പരിശോധനയ്ക്കായി സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് വഴിത്തിരിവുണ്ടാകുന്നത്.

ഭക്ഷണത്തിൽ വിഷം ചേർക്കുന്ന വിധവും വിഷത്തിന്റെ മാരകശേഷിയുമൊക്കെയാണ് ആൽബിൻ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നത്. ദിവസങ്ങളോളം ചെലവഴിച്ച് ഒരു ക്രിമിനൽ ഗവേഷണം തന്നെ പ്രതി നടത്തി. ആൽബിൻ ഉപയോഗിച്ചിരുന്ന ടീ ഷർട്ടുകളിലും വിഷം തുപ്പുന്ന ഭീകരജീവികളുടെ ചിത്രങ്ങളാണുള്ളതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടിലായിരുന്ന ആൽബിൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചത് വ്യക്തമായ പ്ളാനോടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇരുപത്തിരണ്ടുകാരനായ ഒരാൾക്ക് ഇത്രയും മൃഗീയമായ മനസ് ഉണ്ടാകുമോയെന്നതാണ് പൊലീസിനെയും നടുക്കുന്നത്. ഈ മാസം അഞ്ചിനാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്തു നൽകിയതിനെ തുടർന്ന് സഹോദരി ആൻ മേരി (16) മരിച്ചത്. ജൂലായ് 30 ന് രാത്രിയും 31 ന് രാവിലെയുമാണ് ആൽബിൻ വിഷം ചേർത്ത് നൽകിയ ഐസ്‌ക്രീം കുടുംബം കഴിച്ചത്. അച്ഛൻ ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം സെമിനാരിയിൽ വൈദിക പഠനത്തിന് ചേർത്ത ആൽബിൻ അവിടെ നിന്ന് ചാടിപ്പോവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ ഇളയ സഹോദരൻ ബിബിനെയാണ് വീട്ടുകാർ സെമിനാരിയിലേക്ക് അയച്ചത്.

മയക്കുമരുന്നിന് അടിമ, ലൈംഗീക വൈകൃതവും

നേരത്തെ ചെറിയ മോഷണങ്ങളും തട്ടിപ്പുകളുമൊക്കെ നടത്തിയിരുന്ന ആൽബിൻ തമിഴ്നാട്ടിലേക്ക് പോയതോടെ കൊടുംക്രിമിനലാകുകയായിരുന്നു. കഞ്ചാവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചിരുന്നു. വയനാട്ടിലെ സെമിനാരിയിലുള്ള ബിബിൻ, ആൽബിന് ഒരു തടസമേ ആയിരുന്നില്ല. അതിനാലാണ് ബിബിനെ കൊല്ലാൻ പദ്ധതിയിടാത്തത്. വെള്ളരിക്കുണ്ടിലെ പച്ചക്കറി കടയിലും ബേക്കറിയിലും ജോലിക്ക് നിന്നിരുന്ന ആൽബിൻ ചില സാമ്പത്തിക തിരിമറി നടത്തിയതോടെ അവിടെ നിന്ന് പുറത്താക്കി. പിന്നീടാണ് പഠിക്കാനെന്ന പേരിൽ തമിഴ്നാട്ടിലേക്ക് പോകുന്നത്. ലൈംഗിക വൈകൃതത്തിനും അടിമയായിരുന്നു ആൽബിനെന്ന് അയൽവാസികൾ പറയുന്നു.

സദാസമയവും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണാറുള്ള ആൽബിൻ സമീപവാസികളായ ചില സ്ത്രീകളെ കടന്നുപിടിക്കാൻ ശ്രമിച്ചിരുന്നു. സഹോദരിയായ ആൻമേരിയെ പോലും പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.