കാഞ്ഞങ്ങാട്: പെരിയയിലെ കേന്ദ്ര സർവകലാശാല കാമ്പസിനുള്ളിൽ സ്വതന്ത്ര വൈറോളജി ലാബിനുള്ള ധാരണാപത്രം സംസ്ഥാന സർക്കാർ ഒപ്പിട്ടു. സംസ്ഥാന സർക്കാരിന്റെ പൂർണ ചുമതലയിൽ വൈറോളജി ലാബ് സജ്ജീകരിക്കുന്നതോടെ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും രോഗനിർണയം സാദ്ധ്യമാകും.
കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് തയ്യാറാക്കിയ മോളിക്യുലാർ ബയോളജി ലാബിലാണ് നിലവിൽ ജില്ലയിലെ കൊവിഡ് പരിശോധന നടക്കുന്നത്. മുമ്പ് പൂനെ, ആലപ്പുഴ വൈറോളജി ലാബിലേക്ക് സാമ്പിളുകൾ അയക്കുകയാണ് പതിവ്. കൊവിഡ് വ്യാപകമായതിനെ തുടർന്നാണ് കേന്ദ്രസർവകലാശാലയിലെ ലാബ് വൈറസ് പരിശോധനയ്ക്കായി ഉപയോഗിച്ചുതുടങ്ങിയത്.
ലാബിനുള്ള സജ്ജീകരണം പൂർത്തിയായ ശേഷം പ്രധാനപ്പെട്ട ചില മെഷീനുകൾ സ്ഥാപിച്ചാൽ ലാബ് പ്രവർത്തനക്ഷമമാക്കാമെന്നതാണ് കേന്ദ്രസർവകലാശാലയുടെ ലാബിനുള്ള സൗകര്യം. ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ഫലം അഞ്ച് മണിക്കൂറിനുള്ളിൽ ഇതുവഴി ലഭിക്കും. കൊവിഡിന് പുറമെ ചിക്കുൻഗുനിയ, ഡങ്കിപ്പനി, കുരങ്ങു പനി തുടങ്ങി വൈറസ് മുഖേന പടരുന്ന മറ്റു രോഗങ്ങളും കണ്ടു പിടിക്കാം. കാൻസർ രോഗങ്ങളും അതുവഴിയുണ്ടാകുന്ന ജനിതകമാറ്റങ്ങളും കണ്ടെത്താൻ ലാബിൽ സൗകര്യമുണ്ടാക്കാം.
ഈ ലാബ് വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പരിശീലന കേന്ദ്രമായും മാറ്റാമെന്നതും സൗകര്യമാണ്. ബി.എസ്‌സി എം.എൽ.ടി കഴിഞ്ഞവർക്കുൾപ്പെടെ പ്രായോഗിക പരിജ്ഞാനത്തിന് സൗകര്യം ഇല്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. മോളിക്യുലാർ ഡയഗ്‌നോസിസിൽ വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും സാദ്ധ്യതയുണ്ട്. കേന്ദ്ര സർവകലാശാലയിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ മൂല്യം കൂടി ഉദ്യോഗാർത്ഥിക്ക് ഗുണകരമാകും.
ലാബിനാവശ്യമായ തുക നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് അനുവദിക്കാമെന്ന് ജില്ലയിലെ ചുമതല വഹിക്കുന്ന ഡോ. രാമൻ സ്വാതി വാമൻ ഉറപ്പു നൽകിയിട്ടുണ്ട്.
1800 സ്‌ക്വയർ ഫീറ്റ് വിസ്തൃതി
സിവിൽ വർക്കിന് 15 ലക്ഷം
ആർ.ടി.പി.സി.ആർ മെഷീന് 15 - 20 ലക്ഷം
ലാബ് കാമ്പസിനകത്ത്
പെരിയ കാമ്പസിലെ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി ലാബ് ഏതു സമയത്തും കേന്ദ്ര സർവകലാശാല ഗവേഷണ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര ലാബ് എന്ന ആശയമുണ്ടായത്. ലാബ് കാമ്പസിനകത്ത് പ്രത്യേക കെട്ടിടത്തിലായിരിക്കും. കെട്ടിടം പ്രധാന അക്കാഡമിക് സമുച്ചയത്തിൽനിന്ന് അകലെയായതിനാൽ വിദ്യാർത്ഥികൾക്കും സർവകലാശാല ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകില്ല