news
കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണൻ നായരെ കുറിച്ചുള്ള വാർത്ത

പിലാത്തറ: കഥകളിയെ ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ നായർക്ക് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് ടി.വി.. രാജേഷ് എം. എൽ. എ പറഞ്ഞു. സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതാണ് തടസ്സം- കലാമണ്ഡലം കൃഷ്ണൻ നായരുടെ മുപ്പതാം ചരമവാർഷിക ദിനത്തിൽ ചെറുതാഴം ചെരാതും മണ്ടൂർ പൊതുജന വായനശാലയും ചേർന്ന് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാകവി വള്ളത്തോളിന്റെ മോഹസാഫല്യമായി കലാമണ്ഡലത്തിലും വിശ്വ വേദിയിലും നിറഞ്ഞ് കഥകളിയിൽ ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസമായി മാറിയ നടനാണ് കൃഷ്ണൻ നായരെന്നും തന്റെ അഭാവം സഹൃദയരിൽ ഇത്രത്തോളം മൂർത്തമാക്കിയ മറ്റൊരു കഥകളിനടനില്ലെന്നും അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത കലാനിരൂപകൻ വി. കലാധരൻ വിലയിരുത്തി.

സി.എം. വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന വെബിനാറിൽ ബാലകൃഷ്ണൻ കൊയ്യാൽ ആമുഖഭാഷണം നടത്തി. കലാമണ്ഡലം കൃഷ്ണൻ നായരുടെ മകൾ നാട്യകലാരത്നം കലാവിജയൻ, ഡോ. ഇ.കെ. ഗോവിന്ദ വർമ്മ രാജ, എം. എം. ദിലീപ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. കൃഷ്ണൻ നടുവലത്ത്, ഐ.വി.ശിവരാമൻ, ടി.വി ഉണ്ണികൃഷ്ണൻ, ബദരിനാഥ് റാവൽ വി.സി ഈശ്വരപ്രസാദ്, രാജുമോഹൻ കോട്ടക്കൽ, കലാമണ്ഡലം ലത, സുരേന്ദ്രൻ അടുത്തില, യു. രാഘവൻ, എം.വി. രവി, സി.വി. ബാലകൃഷ്ണൻ, ഇ.കെ. ധനഞ്ജയൻതമ്പാൻ, രാജേഷ് കടന്നപ്പള്ളി, സി.പ്രകാശ്, ഷിജു കെ, പി.ദാമോദരൻ എന്നിവർ സംസാരിച്ചു.