തൃക്കരിപ്പൂർ: വലിയപറമ്പിലെ കടലാക്രമണ ഭീഷണി നേരിടാൻ ജിയോ ട്യൂബ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് വലിയപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.110 കോടി രൂപ ചെലവിലുള്ള നിർദ്ദിഷ്ട പദ്ധതി മീൻ പിടിക്കുന്നതിന് വിലങ്ങുതടിയാകുമെന്നതോടൊപ്പം, ഒലിച്ചുപോയ കടൽ മണ്ണ് വീണ്ടെടുക്കാൻ കഴിയാത്തത് പരിസ്ഥിതി വിരുദ്ധമാണെന്ന എതിർവാദമാണ് ഉയർത്തുന്നത്.

തിരുവനന്തപുരത്തെ ശംഖുമുഖമടക്കമുള്ള തെക്കൻ കേരളത്തിലെ ജിയോട്യുബ് പദ്ധതി പോലെ വലിയപറമ്പിലും നടപ്പിലാക്കുന്നതിനായി എം. രാജഗോപാലൻ എം.എൽ.എ. ശ്രമം തുടങ്ങിയതിന് ശേഷമാണ് കോൺഗ്രസ് എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. കടലാക്രമണത്തെ ചെറുക്കാൻ ഫലപ്രദമായ മാർഗ്ഗം പുലിമുട്ടാണെന്നും ,പഞ്ചായത്തിന്റെ വടക്കൻ മേഖലയിൽ പുലിമുട്ടിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് ഉയരുന്ന വാദം. മാത്രമല്ല ഒരിയര അഴിമുഖം അടങ്ങുന്ന പ്രദേശങ്ങളിൽ നൂറ് ഏക്രയോളം തീരപ്രദേശം സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ കടലാക്രമണം ഉണ്ടായിട്ടിലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യോഗം കെ.പി.സി.സി.മെമ്പർ കെ.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രകാശൻ, സി. ദേവരാജൻ ,കെ.വി. ഹരിദാസൻ, ഒ.കെ. വിജയൻ, കെ. സിന്ധു, ഇ. രാജൻ, പി.വി. ബാലൻ, പി.പി. നൂറുദ്ദീൻ പ്രസംഗിച്ചു.