തലശ്ശേരി: തലശ്ശേരി -വളവ്പാറ റോഡിൽ നഗരപരിധിയിലെ ജീർണ്ണാവസ്ഥയിലുള്ള എരഞ്ഞോളി പഴയപാലത്തിന് പകരം, തൊട്ടരികിലായി പണിതു കൊണ്ടിരിക്കുന്ന പുതിയ പാലത്തിന് റോഡ് സൗകര്യമൊരുങ്ങുന്നു. ഇതിനായി ഏതാനും സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ വാങ്ങുന്ന സ്ഥലത്തിന്റെ രേഖകൾ റവന്യൂ അധികാരികൾ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിക്കഴിഞ്ഞു. നഷ്ടപരിഹാരവും പെട്ടെന്ന് കൊടുത്തു തീർക്കും.
പിന്നീട് ഈ സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ഇതിനായുള്ള ലേല നടപടികളും ഉടനെ ആരംഭി ക്കും. 2013ലാണ് ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയത്. സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് 2015 ഏപ്രിലിൽ ആദ്യ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്ത പ്രവൃത്തികളും ഇതേ വരെ മുഴുമിച്ചിട്ടില്ല. എരഞ്ഞോളി പുഴയിൽ പണിയുന്ന സമാന്തരപാലത്തിന്റെ പ്രവൃത്തികളും പലവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു. തുടക്കത്തിൽ നടത്തിയ നിർമ്മാണ പ്രവൃത്തികൾ ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു. എരഞ്ഞോളി പുഴയെ ജലപാതയായി പരിഗണിച്ചതിനെ തുടർന്ന് ആദ്യം കെട്ടിയ തൂണുകളുടെ ഉയരം കൂട്ടേണ്ടി വന്നതാണ് തടസ്സമായത്.
ഇപ്പോൾ പുഴയിലൂടെ ബോട്ട് കടന്നു പോവാൻ മതിയായ തരത്തിലുള്ള ഉയരം കൂട്ടിയാണ് തൂണുകൾ പണിഞ്ഞത് . ഇത്കഴിഞ്ഞതോടെ തുർന്ന് വന്ന കൊവിഡ് നിയന്ത്രണങ്ങൾ വഴി മുടക്കിയായി. മാസങ്ങളായി നിലച്ച നിർമ്മാണ പ്രവൃത്തികൾ അടുത്തിടെ പുനരാരംഭിച്ചെങ്കിലും, കാലവർഷം കനത്തതോടെ വീണ്ടും തടസ്സപ്പെട്ടു കിടപ്പാണ്. പുതിയ പാലത്തിന്റെ വിഷയം വാർത്താപ്രാധാന്യം നേടിയതോടെ കഴിഞ്ഞ ദിവസം കെ.എസ്.ടി.പി അധികൃതരെയും, കരാറുകാരനെയും വിളിച്ചു വരുത്തി എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ തലശ്ശേരി സബ്ബ് കളക്ടർ ഓഫീസിൽ യോഗം ചേർന്നിരുന്നു. മൂന്ന് മാസത്തിനകം പാലം പണി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ ഇത് അസാധ്യമാവും.
റോഡിന് 1.76 ഏക്കർ ഭൂമി
53 പേരുടെ കൈവശത്തിലുള്ള 1.76 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 21 കടകളും ഒരു വീടുമുണ്ട്. ഏറ്റെടുത്ത കെട്ടിടത്തിൽ രണ്ട് രാഷ്ട്രിയ പാർട്ടികളുടെ ഓഫീസുകളുമുണ്ട്. എന്നാൽ ഇവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാനിടയില്ല. ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി.പദ്ധതിയിൽ നവീകരിക്കുന്ന വളവ് പാറ റോഡിന്റെ ഭാഗമായാണ് എരഞ്ഞോളി പുഴയിൽ പുതിയ പാലം ഒരുക്കുന്നത്.