jnanambika
ജ്ഞാനാംബി ഗൈയെ ശുശ്രൂഷിക്കുന്ന ശ്രീലക്ഷ്മി

പിണറായി: ജർമ്മനിയിൽ താമസിച്ചുവരുന്നതിനിടെയുണ്ടായ പക്ഷാഘാതത്തിന് ചികിത്സയ്ക്കായെത്തി പിണറായി കിഴക്കുംഭാഗത്തെ താഴത്ത് വീട്ടിൽ കഴിയുന്ന ശ്രീലങ്കക്കാരി അരുന്ധവർസെ ജ്ഞാനാംബിഗൈയെ മകന്റെ അടുത്തെത്തിക്കാൻ വഴിയൊരുങ്ങുന്നു. ജ്ഞാനാംബിഗൈയ്ക്ക് തണലൊരുക്കിയ വീട്ടുകാരെ നോർക്ക അധികൃതർ വിളിച്ച് കാര്യങ്ങൾ തിരക്കി.

മകൻ അഖിലനൊപ്പമാണ് ആയുർവേദ ചികിത്സക്കായി ഫ്രാങ്ക്ഫർട്ടിൽ നിന്ന് ജ്ഞാനാംബിഗൈ കണ്ണൂരിൽ എത്തിയത്. ചികിത്സ തുടരവേ അമ്മയെ സുഹ‌ൃത്തിന്റെ ബന്ധുവീട്ടിലാക്കി അഖിലൻ ജർമ്മനിക്ക് മടങ്ങി. കൊവിഡ് കാരണം വിമാന സർവീസ് നിറുത്തിയതോടെ അഖിലന് അമ്മയെ കൊണ്ടുപോകാനുമായില്ല. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും കണ്ണൂരിൽ എത്തിയത്. ഫ്രാങ്ക്‌ഫർട്ടിൽ എൻജിനിയറാണ് അഖിലൻ.

ഒപ്പം ജോലി ചെയ്യുന്ന എൻജിനിയർ പിണറായി സ്വദേശി കെ.വി. മൃദുലാണ് ചികിത്സാസൗകര്യങ്ങൾ ഒരുക്കിയത്. മൃദുലിന്റെ അമ്മാവൻ ഫോട്ടോഗ്രാഫറായ കെ.വി. ഷജിത്തിന്റെ വീട്ടിൽ താമസവും ഒരുക്കി. പരിചരിക്കാൻ പെയിൻ ആൻഡ് പാലിയേറ്റീവിലെ അജിതയും ഒപ്പമുണ്ട്. സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സയിൽ നടക്കാനായി. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചപ്പോൾ അമ്മയെ ഷജിത്തിന്റെ വീട്ടിലാക്കി അഖിലൻ മടങ്ങുകയായിരുന്നു.

ഷജിത്തും ഭാര്യ ഷിജിനയും മകൾ ശ്രീലക്ഷ്മിയുമാണ് ജ്ഞാനാംബിഗൈയ്ക്ക് ഇപ്പോൾ എല്ലാം. ശ്രീലക്ഷ്‌മിക്ക് അവർ ജർമ്മനമ്മയാണ്. ശരീരം തളർന്ന ഇവരെ ജർമ്മനിയിലേക്ക് വിടാനായി കഴിഞ്ഞമാസം ഷജിത്ത് ബംഗളൂരു എയർപോർട്ടിൽ എത്തിച്ചിരുന്നു. ഇവരെ ഒറ്റയ്‌ക്ക് കൊണ്ടുപോകാൻ അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് പിണറായിയിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സയ്‌ക്കുള്ള പണം അഖിലൻ അയയ്‌ക്കുന്നുണ്ട്. രാത്രി മകന്റെ വീഡിയോ കാൾ വരുമ്പോൾ ആവലാതികൾ പറയും. താൻ വേഗം വരാമെന്നു പറഞ്ഞ് അഖിലൻ ആശ്വസിപ്പിക്കും.

1980കളിൽ ശ്രീലങ്കയിലെ കലാപത്തെ തുടർന്നാണ് ജ്ഞാനാംബിഗൈ ഭർത്താവ് സിന്നദുയയ്‌ക്കൊപ്പം ജർമ്മനിയിലേക്ക് പോയത്. ഭർത്താവ് മരിച്ചതോടെ മകൻ അഖിലനാണ് ആശ്രയം. ജ്ഞാനാംബിഗൈയുടെ വിസ കാലാവധി രണ്ട് മാസത്തിനകം കഴിയും. എംബസിയുടെ അനുമതിയുണ്ടെങ്കിലേ അഖിലന് കൊവിഡ് കാലത്ത് ഇന്ത്യയിലേക്ക് വരാനും കഴിയുകയുള്ളു.