പട്ടുവം: നെടുകെ പിളർന്ന പട്ടുവം കൂത്താട്ടെ ഇടുപ്പക്കുന്നിന്റെ തെക്കേ താഴ്വാരത്ത് നിന്നും വീടു വിട്ടുപോയവരിൽ ചില കുടുംബങ്ങൾ കുന്നിന്റെ ഭീഷണി മനസിലാക്കി തന്നെ സ്വവസതികളിലേക്ക് തിരികെയെത്തി. മറ്റു സുരക്ഷിത കേന്ദ്രങ്ങളൊന്നുമില്ലാത്തവരാണ് തിരിച്ചുവരുന്നത്. ചിലർ ഇപ്പോഴും വാടകയ്ക്കും ക്വാർട്ടേഴ്സുകളിലുമായി കഴിയുകയാണ്. ഇവിടെ നിന്ന് അപകടസാധ്യത കണ്ട് 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവർക്ക് മതിയായ താമസസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുണ്ട്. മഴയുടെ കാഠിന്യം കുറഞ്ഞത് ഇവർക്ക് ആശ്വാസം നല്കുന്നു.
ഇടുപ്പക്കുന്ന് രണ്ടായി പിളർന്നതാണ് ഇവിടെ ആശങ്കയുണ്ടാക്കിയത്. മഴയിൽ പിളർപ്പിന് ഏതാനും ദിവസം മുമ്പ് തന്നെ കുന്നിന്റെ പടിഞ്ഞാറേ ചെരുവിൽ മണ്ണിടിയാൻ തുടങ്ങിയിരുന്നു. 1985ൽ തളിപ്പറമ്പ് -മുള്ളൂൽ റോഡ് കടുക്കുന്നുവരെ നീട്ടുന്നതിന് വേണ്ടി ഇടുപ്പക്കുന്ന് ഇടിച്ചിരുന്നു. കൂടാതെ ചില സർക്കാർ കെട്ടിടത്തിനും മറ്റുചില നിർമ്മാണത്തിനും കുന്നിടിച്ചതും കുന്നിന്റെ ബലക്കുറവിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.