ചെറുവത്തൂർ: മത്സ്യ ബന്ധനത്തിനു ശേഷം കടലിൽ ഉപേക്ഷിക്കുന്ന വലകൾ സ്വതവേ വംശനാശഭീഷണി നേരിടുന്ന കടലാമകൾക്ക് ഭീഷണിയുയർത്തുന്നു. വലകളിൽ കുരുങ്ങി അവയവങ്ങൾ നഷ്ടപ്പെടുകയോ, പരിക്കു പറ്റുകയോ ചെയ്യുന്ന ആമകൾ ദിനംപ്രതി കടലോരങ്ങളിൽ അടിയുന്നത് പതിവാകുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ജില്ലയിലെ വിവിധ കടൽ തീരങ്ങളിൽ പതിനഞ്ചിലേറെ കടലാമകൾ അവശനിലയിൽ കരയ്ക്കടിഞ്ഞിട്ടുണ്ട്.
വലിയപറമ്പയിലെ പടന്ന കടപ്പുറത്ത് ഇത്തരത്തിലുള്ള മൂന്ന് കൂറ്റൻ കടലാമകൾ കഴിഞ്ഞ ദിവസം തീരത്തെത്തി. ഇതിൽ ഒന്ന് കൈ അറ്റുപോയ നിലയിലും മറ്റുള്ളവ വലയിൽ കുരുങ്ങി അർദ്ധ പ്രാണനുമായ നിലയിലായിരുന്നു. 25 കിലോ മുതൽ 50 കിലോ വരെ ഭാരമുള്ള ആമകളാണ് കരയ്ക്കടിഞ്ഞത്. പ്രദേശവാസികൾ ഈ ആമകളെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തൽ കടലാമ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു. കാസർകോട് ചെമ്പരിക്ക കടപ്പുറത്തു നിന്ന് 9 ആമകളെയും ഒഴിഞ്ഞ വളപ്പ് പ്രദേശത്തു നിന്നും 2 ആമകളെയും തൈക്കടപ്പുറം കോസ്റ്റൽ പൊലിസ് ഒന്നിനെയും ഇവിടെ എത്തിച്ചിട്ടുണ്ടെന്ന് നെയ്തൽ അധികൃതർ പറഞ്ഞു.
അശാസ്ത്രീയം, മരണം ഉറപ്പ്
വിദേശ മാർക്കറ്റുകളിലടക്കം വൻ ഡിമാന്റുള്ള കണവയെ പിടിക്കാനുള്ള അശാസ്ത്രീയ മാർഗ്ഗമാണ് കടലാമകൾക്ക് ഭീഷണിയാകുന്നത്. അടിത്തട്ടിലെത്താൻ പ്ളാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് വല നിക്ഷേപിക്കുന്നതിനു പുറമെ വലയുടെ ഷേപ്പ് കൃത്യമാക്കാൻ പ്ളാസ്റ്റിക് ബോട്ടിലുകൾ പിടിപ്പിക്കുകയും ചെയ്യും. ആഴക്കടലിൽ വല നിക്ഷേപിച്ച ശേഷം തിരിച്ചുപോകുന്ന തൊഴിലാളികൾ ദിവസങ്ങൾക്കു ശേഷം തിരിച്ചു വന്ന് ജി.പി.എസിന്റെ സഹായത്തോടെ വലയുടെ സാന്നിദ്ധ്യം കണ്ടെത്തി ആങ്കർ ചൂണ്ട ഉപയോഗിച്ചാണ് കണവയെ പിടിക്കുന്നത്. എന്നാൽ മീനുകളെ ശേഖരിച്ച ശേഷം വലകളുംചാക്കുകളും കയറുകളും കുപ്പികളും തിരിച്ചെടുക്കുന്നില്ല. മഴക്കാലമാകുമ്പോൾ കടലിന്റെ അടിത്തട്ടടക്കം ഇളകി മറിയുന്നതോടെ ഉപേക്ഷിക്കപ്പെട്ട വലകളും പ്ളാസ്റ്റിക് വസ്തുക്കളും കടലിൽ ഒഴുകി നടക്കുന്നതാണ് ആമകളടക്കമുള്ള ജീവികളെ പ്രതികൂലമായി ബാധിക്കുന്നത്. മറ്റ് ആമകളെപ്പോലെ തലയും കൈകാലുകളും ശരീരത്തിന് ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത വിഭാഗമാണ് കടലാമകൾ. ഇതിനാൽ വലയിൽ കുരുങ്ങിയാൽ ഇവറ്റകളുടെ ജീവൻ തന്നെ ഭീഷണിയാണ്.
പിശാച് വല
ഡെവിൾ നെറ്റ് എന്നറിയപ്പെടുന്ന ഇത്തരം വലകൾ ദിവസങ്ങളോളം കടലിൽ ഇറക്കിവെച്ച് പായലും മറ്റും അടിഞ്ഞുകൂടി കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിക്കലാണ് ആദ്യമായി ചെയ്യുന്നത്. "പാര് " എന്നറിയപ്പെടുന്ന ഈ കൃത്രിമ സംവിധാനത്തിൽ ചെറുമീനുകളും ജീവികളും അടിഞ്ഞുകൂടാൻ ഇടയാകുന്നു. ഇതിനെ തിന്നാനായി എത്തുന്ന കണവകൾ ഇവിടെ പ്രജനനം നടത്തുകയും അവയുടെ ആവാസകേന്ദ്രമായി മാറ്റുകയും ചെയ്യുന്നു.