njanambigai
ജ്ഞാനാംബിഗൈയെ ശുശ്രൂഷിക്കുന്ന ശ്രീലക്ഷ്മി

ജർമ്മനിയും പിണറായിയും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യത്തിന് ഉത്തരം 'ഒന്നുമില്ലെ'ന്നാണ്. ജർമ്മനിയും തലശേരിയും തമ്മിലുള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ലോകത്തിലെ ആദ്യത്തെ മലയാളം ഇംഗ്ളീഷ് നിഘണ്ടു ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ട് രചിച്ചത് തലശേരിയിൽ വച്ചാണ്. ഗുണ്ടർട്ടിന്റെ ഓർമ്മയ്ക്കായി അവിടെ ഒരു കൂറ്റൻ പ്രതിമയും, അദ്ദേഹം അവസാനമായി ജീവിച്ച ബംഗ്ളാവ് സ്മാരകമാക്കുന്നതിന്റെ പണി ഇപ്പോൾ അവസാനഘട്ടത്തിലുമാണ്. ഗുണ്ടർട്ടിന്റെ പേരമക്കളും മറ്റും തലശേരിയിലെ നിത്യ സന്ദർശകരുമായിരുന്നു. ജർമ്മനിയിലെ കാൽവ് സർവകലാശാലയും കണ്ണൂർ സർവകലാശാലയും തമ്മിൽ ഈ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി വിദ്യാർത്ഥികളെ കൈമാറ്റം ചെയ്യുന്ന പതിവും നിലവിലുണ്ട്. എന്നാൽ തലശേരിയിൽ നിന്നും പത്തുകിലോമീറ്റർ അകലെയുള്ള പിണറായിയിൽ ഗുണ്ടർട്ടിന് വേരുകളൊന്നുമില്ല. അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം തലശേരിയിലും പരിസരങ്ങളിലുമാണെങ്കിലും പിണറായിയിൽ അദ്ദേഹം വന്നുപോയതായി ചരിത്ര രേഖകളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല.എന്നാൽ ജർമ്മനിയുമായി പിണറായി ഗ്രാമത്തിന് ഒരു പുതിയ ബന്ധം പിറവിയെടുത്തിട്ടുണ്ട് ! ആറു മാസം മുൻപ് . ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കാണാച്ചരടൊന്നും ഈ ഐക്യത്തിന്റെ പിന്നിലില്ല. കേവലം സ്നേഹവും കരുതലും നന്മയും കരുണയും മാത്രമാണ് ഈ സൗഹൃദത്തിന്റെ അടിസ്ഥാനം. സ്നേഹത്തിന്റെ കടലാഴങ്ങളിലേക്കുള്ള തീർത്ഥയാത്രയാണിത്. മുൻപരിചയം ഏതുമില്ലാത്ത എഴുപതുകാരി ജർമ്മനമ്മയ്‌ക്ക് പിണറായി കിഴക്കുംഭാഗത്തെ താഴത്ത് വീട് തണലൊരുക്കിയ കഥയാണിത്.

ജർമ്മനി ഫ്രാങ്ക്ഫർട്ട് ടുട്ട് ലിംങ്ങനിലെ ശ്രീലങ്കൻ വംശജയായ അരുന്ധവർസെ ജ്ഞാനാംബിഗൈ ആറു മാസത്തിലേറെയായി ഈ വീട്ടിലെ അംഗമാണ്.. വിരുന്നുകാരിയായെത്തി വീട്ടുകാരിയായി. താഴത്ത് വീടുമായി ഇവർക്ക് രക്തബന്ധമൊന്നുമില്ല. പക്ഷെ ഇവിടുത്തെ ഷജിത്തും ഭാര്യ ഷിജിനയും മകൾ ശ്രീലക്ഷ്മിയുമാണ് ശയ്യാവലംബയായ ജ്ഞാനാംബിഗൈയ്ക്ക് ഇപ്പോൾ എല്ലാം. ജർമ്മനിയിൽ എൻജിനീയറായ മകൻ അഖിലന്റെ വരവും കാത്തുകഴിയുന്ന അമ്മയ്ക്ക് ആശ്രയം ഈ വീടാണ്. ഷജിത്തിന്റെ മകൾ ശ്രീലക്ഷ്മി ജ്ഞാനാംബിഗൈക്ക്‌ പേരക്കുട്ടിയെ പോലെയാണ്. വാശി കാണിക്കുമ്പോൾ ശ്രീലക്ഷ്മി പറഞ്ഞാൽ കൊച്ചുകുട്ടിയെ പോലെ ജ്ഞാനാംബിഗൈ അനുസരിക്കും.

കൊവിഡ് വില്ലനായതോടെയാണ് അമ്മയും മകനും രണ്ട് രാജ്യങ്ങളിലായത് . 1980 കളിൽ ജാഫ്നയിലുണ്ടായ കലാപത്തെ തുടർന്നാണ് , അടുത്ത ബന്ധുവിന്റെ സഹായത്തോടെ ശ്രീലങ്കൻ വംശജരായ സിന്നദുയയും ഭാര്യ ജ്ഞാനാംബിഗൈയും ജർമ്മനിയിലേക്ക് പോയത്. ഭർത്താവിന്റെ മരണശേഷം മകൻ അഖിലന്റെ കൂടെയാണ് ജ്ഞാനാംബിഗൈ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവർ ആയുർവേദ ചികിത്സക്കായി മകനൊപ്പം കേരളത്തിലെത്തുന്നത്. ജർമനിയിൽവച്ച് ഹൃദയശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം സംഭവിച്ച ജ്ഞാനാംബിഗൈക്ക്‌ കേരളത്തിലെ ആയുർവേദ ചികിത്സ നൽകുകയായിരുന്നു ലക്ഷ്യം. ജർമനിയിൽ അഖിലനൊപ്പം എൻജിനീയറായി ജോലി ചെയ്യുന്ന പിണറായി സ്വദേശി കെ. വി മൃദുലാണ് ചികിത്സാസൗകര്യങ്ങൾ ഒരുക്കിയത്. മൃദുലിന്റെ അമ്മാവനാണ് ഫോട്ടോഗ്രാഫറായ കെ. വി ഷജിത്തിന്റെ താഴത്ത് വീട്ടിൽ താമസസൗകര്യം ഒരുക്കിയത്. പരിചരിക്കാൻ പെയിൻ ആന്റ് പാലിയേറ്റീവിലെ അജിതയും ഇവ‌ർക്കൊപ്പമുണ്ട്. ഈ കുടുംബത്തിന്റെ സ്നേഹവും കരുതലും ആവോളം കിട്ടുന്നുണ്ടെങ്കിലും ജ്ഞാനാംബിഗൈയ്ക്ക് മകന്റെ അരികിലെത്തണമെന്ന വാശിയാണിപ്പോൾ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സകൊണ്ട് ജ്ഞാനാംബിഗൈക്ക്‌ എഴുന്നേറ്റ് നടക്കാനായി. ഒരു മാസം കഴിഞ്ഞ് വീണ്ടും ചികിത്സയ്ക്കെത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചപ്പോൾ അമ്മയെ ഷജിത്തിന്റ വീട്ടിലാക്കി അഖിലൻ ജർമനിക്ക് പോവുകയായിരുന്നു.കൊവിഡ് നിയന്ത്രണങ്ങളിൽ വിമാന സർവീസ് നിർത്തലാക്കിയതോടെയാണ് അഖിലന്റെ വരവ് അനിശ്ചിതത്വത്തിലായത്. ജ്ഞാനാംബിഗൈയെ ജർമ്മനിയിലേക്ക് അയയ്‌ക്കാനായി കഴിഞ്ഞ മാസം ബംഗ്ളൂരു എയർപോർട്ടിലെത്തിയിരുന്നു ഷജിത്ത്. എന്നാൽ അറുപത്തെട്ട് കഴിഞ്ഞ ഇവരെ കൂടെ ബന്ധുക്കളില്ലാതെ കൊണ്ടുപോകാൻ എയർപോർട്ട് അധികൃതർ തയ്യാറായില്ല. ഇതോടെ വീണ്ടും തിരികെ വീട്ടിലേക്ക് വന്നു. ചികിത്സാ ചെലവിനു മാത്രം ഒരു മാസം അമ്പതിനായിരത്തോളം രൂപ വരും. അഖിലൻ ലോണെടുത്താണ് ചികിത്സയ്‌ക്കുള്ള പണം അയയ്‌ക്കുന്നത്. ജർമ്മനിയിലാകട്ടെ ചികിത്സ സൗജന്യമാണു താനും !

ഇന്ത്യയിൽ തങ്ങാനുള്ള ജ്ഞാനാംബിഗൈയുടെ വിസ കാലാവധി രണ്ട് മാസത്തിനകം കഴിയും. ജർമനിയിൽനിന്ന് രാത്രിയിൽ മകൻ അഖിലന്റെ വീഡിയോകോൾ വരുമ്പോൾ ആ അമ്മയുടെ കണ്ണുകൾ തിളങ്ങും. കിടപ്പിലായതിന്റെ വേദനകളും തിരികെ ജർമനിയിലെത്താനാവാത്തതിന്റെ ആവലാതികളും തമിഴിലും ജർമ്മനിലുമായി മകനോട് പറയും. കൊണ്ടുപോകാൻ വേഗം വരുമെന്നു പറഞ്ഞ് അഖിലൻ അമ്മയെ ആശ്വസിപ്പിക്കും. അഖിലന് ഈ നാടിനെയും നാട്ടുകാരെയും അത്രയും വിശ്വാസമാണ്. കടൽ കടന്ന് താൻ എത്തിയില്ലെങ്കിലും അമ്മയെ അവർ പൊന്നുപോലെ നോക്കുമെന്ന വിശ്വാസം. ചികിത്സാ ചെലവായി ലക്ഷങ്ങൾ വേണ്ടിവരുന്നെങ്കിലും അതിനെ കുറിച്ചൊന്നും അഖിലൻ ആകുലപ്പെടുന്നില്ല. ജർമ്മനിയിൽ സൗജന്യ ചികിത്സയുണ്ടാകുമ്പോഴും പിണറായിയിലെ കരുതലലിലാണ് അഖിലന്റെ ആശ്വാസം. ഒരു നാട് നൽകുന്ന സ്നേഹപ്പെരുമഴയിൽ തന്റെ അമ്മ നനയുന്നത് കാണുകയാണ് വിദൂരങ്ങളിലിരിക്കുന്ന മകൻ. അനുഭൂതി പകരുന്ന കാഴ്ച!. പെയിൻ ആന്റ് പാലിയേറ്റീവ് വിഭാഗത്തിലെ സന്നദ്ധ പ്രവർത്തകരും മറ്റും വീട്ടിലെത്തി ഇവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്.

നോർക്ക കനിയണം

അഖിലന് എംബസിയുടെ പ്രത്യേക അനുമതിയുണ്ടായാൽ മാത്രമെ ഈ കൊവിഡ് കാലത്ത് നാട്ടിലേക്ക് വരാൻ കഴിയുള്ളൂ. നോർക്കയിൽ പരാതി നൽകിയെങ്കിലും നടന്നില്ല. നോർക്കയിൽ നിന്ന് ഇടയ്‌ക്ക് ഇവരുടെ സുഖവിവരം അന്വേഷിക്കാറുണ്ടെങ്കിലും മടങ്ങിപ്പോകാനുള്ള വഴിയൊരുങ്ങിയില്ല.