കാഞ്ഞങ്ങാട്: സമ്പർക്കത്തിലൂടെ ജില്ലയിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ കാഞ്ഞങ്ങാട് നഗരസഭ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ ആരംഭിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന പടന്നക്കാട് കാർഷിക സർവ്വകലാശാല ക്യാമ്പസ്, പഴയ കേന്ദ്ര സർവ്വകലാശാല കാമ്പസ്, കെയർ ആൻഡ് ക്യൂയർ ഹോസ്പ്പിറ്റൽ എന്നി സെന്ററുകൾക്ക് പുറമെയാണ് പുതിയ സെന്റർ ആരംഭിക്കുന്നത്.
ഒരേ സമയം 350 രോഗികളെ കിടത്തി ചികിത്സിക്കുന്ന കേന്ദ്രമായാണ് പുതുതായി പണിത ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയത്തിൽ സെന്റർ പ്രവർത്തിക്കുക. കാസർകോട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലും മറ്റു സാധന സാമഗ്രികളും യുവജന സംഘടനകളുടെ നേതൃത്വത്തിൽ എത്തിച്ചു കഴിഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബെഡും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തും. സെന്ററിൽ ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഏർപ്പെടുത്താൻ നഗരസഭ ചെയർമാൻ വി.വി. രമേശന്റെ നേതൃത്വത്തിൽ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിച്ചു.