cdit

കണ്ണൂർ: മോട്ടോർ വാഹനവകുപ്പിൽ കംപ്യൂട്ടറൈസേഷൻ -ഫാസ്റ്റ് പ്രൊജക്ടുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കാൻ ശ്രമം. സി ഡിറ്റ് വർഷങ്ങളായി കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് പ്രൊജക്ടാണ് സ്വകാര്യ കമ്പനികൾക്ക് മറിച്ചുകൊടുക്കാൻ ശ്രമം നടക്കുന്നത്. പത്തു വർഷമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സർക്കാർ പ്രൊജക്ടുകളിൽ ഒന്നായ ഫാസ്റ്റ് പ്രൊജക്ടിനെ ദുർബലപ്പെടുത്തി ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്വകാര്യ കമ്പനികൾക്കു പകുത്തുനൽകാനാണ് ശ്രമം.

ഫാസ്റ്റ് പ്രോജക്ട് കാലാവധി തീരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂട്ടി കണക്കാക്കി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മോട്ടോർ വാഹന വകുപ്പിന് സർവീസ് ചാർജ്ജിനത്തിലുള്ള വരുമാനമാണ് സി ഡിറ്റിന് സർവീസ് ചാർജായി ലഭിക്കുന്നത്. സി ഡിറ്റ് പൊതുമേഖല സ്ഥാപനമായതിനാൽ സർക്കാർ ഖജനാവിലേക്കാണ് പണം എത്തുന്നത്. ഈ പ്രൊജക്ട് സ്വകാര്യവത്കരിക്കുന്നതിലൂടെ സർക്കാരിന് ലഭിക്കുന്ന വലിയൊരു ശതമാനം വരുമാനമാണ് സ്വകാര്യ കമ്പനികളിലേക്ക് കൈമാറ്റപ്പെടുന്നത്. സി ഡിറ്റിൽ ഈ പ്രൊജക്ടിൽ ജോലി ചെയ്യുന്ന ഇരുന്നൂറോളം ജീവനക്കാരുടെ ജോലിയും ഇതിലൂടെ നഷ്ടപ്പെടും.

നല്ലനിലയിൽ പ്രവർത്തിക്കുന്ന ഈ പ്രൊജക്ടിനെ ഇത്തരത്തിൽ സ്വകാര്യവത്കരിക്കുന്നത് പൊതുമേഖലയെ തകർക്കാനുള്ള നടപടിയാണെന്നാണ് ആക്ഷേപം.

കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കി കൺസൾട്ടൻസി കരാർ കൊടുക്കുന്നതുപോലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ തകർത്ത് കമ്മിഷൻ അടിച്ചുമാറ്റുന്ന നിലയിലേക്ക് എല്ലാം കൈമാറുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

പ്രതിഷേധം ശക്തം

സർക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സി.പി.ഐയുടെ ട്രേഡ് യൂണിയനും രംഗത്തിറങ്ങിയിട്ടുണ്ട്. സി ഡിറ്റിനെ സംരക്ഷിക്കണമെന്നും ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സി ഡിറ്റ് എംപ്ലോയിസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ബൈറ്റ്

വർഷങ്ങളായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സർക്കാർ പ്രൊജക്ടാണ് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ ശ്രമം നടക്കുന്നത്. സർക്കാരിന്റെ വലിയ ഒരു ശതമാനം വരുമാനമാണ് ഇതിലൂടെ സ്വകാര്യ കമ്പനിയിലേക്ക് പോകുന്നത്. പ്രൊജക്ടിൽ ജോലി ചെയ്യുന്ന നിരവധി പേരുടെ ജോലിയും നഷ്ടമാകും. സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറുക തന്നെ വേണം.

കെ.ജി. ശിവാനന്ദൻ, സംസ്ഥാന പ്രസിഡന്റ്,

സി ഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)