കണ്ണൂർ: പ്ലസ്‌ വൺ പ്രവേശനത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ തുടക്കത്തിൽ തന്നെ നൽകാത്തതിന്റെ ഫലമായി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. മൊബൈൽ ഫോണിലൂടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ നൽകി അഡ്മിഷൻ നേടാമെന്നായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് മാറ്റി സാധ്യമായ തരത്തിൽ സ്‌കൂളുകൾ വഴിയും മറ്റ് സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഭൂരിപക്ഷം വിദ്യാർത്ഥികളും ഇത്തരത്തിലാണ് ഇക്കുറി അപേക്ഷിച്ചത്. എന്നാൽ ഇപ്പോൾ ഡയറക്ടറേറ്റിന്റെ പുതിയ ഉത്തരവിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ യൂസർ ഐ.ഡി, പാസ്‌വേർഡ് എന്നിവയിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് തുടർന്നുള്ള മാറ്റങ്ങളും കൂട്ടച്ചേർക്കലുകളും നടത്തി കൺഫോം ചെയ്യണമെന്നും അത്തരത്തിൽ ചെയ്യുന്നവർക്ക് മാത്രമേ ഈ സംവിധാനത്തിലൂടെ പ്രവേശനം നേടാൻ കഴിയുകയുള്ളുവെന്നുമാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല മുമ്പ് നൽകിയ രജിസ്റ്റർ നമ്പർ, വർഷം, മൊബൈൽ നമ്പർ തുടങ്ങിയവ മാറ്റാനും തിരുത്താനും അനുവാദവുമില്ല.

സ്‌കൂളുകളിലും മറ്റ് പരിമിത സൗകര്യങ്ങളിലൂടെയും അപേക്ഷ നൽകിയ പിന്നോക്ക മലയോര മേഖലകളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മൊബൈൽ നമ്പർ ഉൾപ്പെടെ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയിൽ രേഖപ്പെടുത്തിയ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ ഐ.ഡി ,പാസ്‌വേർഡ് എന്നിവ സൃഷ്ടിക്കുക എന്നത് അസാദ്ധ്യമാണെന്നും പറയുന്നു.

വിദ്യാർത്ഥികളുടെ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രശ്‌നം ഗൗരവമായി കണ്ട് പരിഹാരം കാണാൻ ഉടൻ നടപടിയുണ്ടാവണം.
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി