ചെറുവത്തൂർ: കൊവിഡ് 19 എന്ന മഹാമാരി സകല ജനങ്ങളുടെയും അന്നംമുടക്കുന്ന അവസ്ഥ സംജാതമാക്കിയപ്പോൾ, മീൻ വിൽപ്പന തൊഴിലായി സ്വീകരിച്ച് ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ്. നാടൻ പാട്ടുകലാകാരൻ സുരേഷ് പള്ളിപ്പാറയാണ് സുഹൃത്ത് ടി.വി.വത്സരാജുമായി ചേർന്ന് കെട്ടകാലത്തിൽ നിന്ന് രക്ഷനേടാനായി മീൻവിൽപ്പനയ്ക്കിറങ്ങിയത്.
സംസ്ഥാനത്ത് തന്നെ ശ്രദ്ധേയനായ നാടൻ പാട്ടുകലാകാരനാണ് സുരേഷ് പള്ളിപ്പാറ.കലാഭവൻ മണിയുടെ അതേ ശബ്ദത്തിൽ പാടുന്നതാണ് സുരേഷിനെ ശ്രദ്ധേയനാക്കിയത്. നിരവധി ഗ്രൂപ്പുകൾക്ക് വേണ്ടി നൂറോളം വേദികളിലും നിരവധി ചാനലുകളിലും നാടൻപാട്ട് അവതരിപ്പിച്ചിരുന്നു. ഇതു തന്നെയായിരുന്നു ജീവിതമാർഗവും. ഈ കലാകാരന്റെ മികച്ച പ്രകടനത്തെ പരിഗണിച്ച് നാടൻ കലാ അക്കാഡമിയുടെ 2019ലെ ഫെല്ലോഷിപ്പും 2020ലെ അവാർഡും ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതീക്ഷകൾ തെറ്റിച്ച്, വരുമാനമാർഗം അടച്ചപ്പോൾ ജീവിക്കാൻ മീൻ വിൽപ്പനക്കിറങ്ങുകയായിരുന്നു.
കാലിക്കടവിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വന്ന യൂസ്ഡ് ബൈക്ക് ഷോറൂമിന്റെ ഉടമസ്ഥനാണ് കൂട്ടുകാരനായ വത്സരാജ്. എന്നാൽ കൊവിഡിനെ തുടർന്ന് കഴിഞ്ഞ ആറു മാസമായി കച്ചവടമില്ലാതായപ്പോൾ പുതിയ തൊഴിൽ മേഖല തേടുകയായിരുന്നു. ജോലിയോടൊപ്പം തന്നെ നിരവധി വാട്സപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായി പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരികയാണ് ഈ പിലിക്കോട് സ്വദേശി.
ബൈറ്റ്...
ജീവിത പ്രതിസന്ധി നേരിട്ടപ്പോഴാണ് മത്സ്യവിൽപ്പനക്കിറങ്ങിയത്. മടക്കരയിൽ നിന്നും ലേലം വിളിച്ചെടുക്കുന്ന മത്സ്യം ഓട്ടോയിൽ കൊണ്ടുപോയി ചീമേനി, ചെമ്പ്ര കാനം, തിമിരി, തച്ചർണപ്പൊയിൽ, വെള്ളച്ചാൽ, കാലിക്കടവ്, ചൂരിക്കൊവ്വൽ, പിലിക്കോട് പ്രദേശങ്ങളിലാണ് വിൽപ്പന. രാവിലെ മുതൽ സന്ധ്യവരെ അദ്ധ്വാനിച്ചാൽ കഷ്ടിച്ച് അന്നത്തെ ചെലവിനുള്ളത് ലഭിക്കും.
സുരേഷ് പള്ളിപ്പാറ, ടി.വി.വത്സരാജ്