മാഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഹിയിലെ ഏക പൊതുമേഖല വ്യവസായശാലയായ ഈസ്റ്റ് പള്ളൂരിലെ കേനന്നൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് മാഹി ശാഖയിലെ തൊഴിലാളികൾ ജോലിയും, കൂലിയുമില്ലാതെ പട്ടിണിയിലായി. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം മാർച്ച് 21 മുതൽ മിൽ അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ കാലയളവിൽ ഏപ്രിൽ മാസം ലഭിക്കേണ്ട ശമ്പളത്തിന്റെ 70 ശതമാനം മാത്രമേ തൊഴിലാളികൾക്ക് നൽകിയിട്ടുള്ളൂ.
മേയ് 17 വരെ 35 ശതമാനം ലോക് ഡൗൺ വേജസും ലഭിച്ചിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. നിത്യ കൂലിക്കാരായ തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടുമില്ല. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ എപ്പോൾ തുറക്കുമെന്നോ, വേതന സംബന്ധമായ കാര്യങ്ങളിൽ വ്യക്തതയോ വരുത്താനാവുന്നില്ല. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം നൽകാതെ, ഭീമമായ വേതനം കൈപറ്റുന്ന ഓഫീസിലെ മാനേജ്‌മെന്റ് ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകി കൊണ്ട് മാനേജ്‌മെന്റ് ഇരട്ടത്താപ്പ് നയമാണ് നടത്തുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. സർക്കാറിനെ ബോധിപ്പിക്കാൻ മുഴുവൻ തൊഴിലാളികളുടെയും ഇ.പി.എഫും ഇ.എസ്.ഐ പൂർണ്ണമായും അടച്ചിരിക്കുകയാണ്. മാത്രമല്ല തൊഴിലാളികളോട് 50 ശതമാനം ശമ്പളം മതിയെന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്.
ആത്മഹത്യയിലേക്ക് നീങ്ങുന്ന കുടുംബങ്ങൾ
മില്ലിൽ 216 സ്ഥിരം തൊഴിലാളികളും, 200 നിത്യക്കൂലിക്കാരുമാണുള്ളത്. 90 ശതമാനം ഉത്പന്നങ്ങളും ഇവിടെ നിന്ന് വിറ്റഴിച്ചിട്ടുണ്ട്. കേരളത്തിൽ നാലും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഒരു മില്ലുമാണ് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷനുള്ളത്. പുതുച്ചേരിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് മാഹിയിലുള്ളത്. കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ കെ.എസ്.ഡി.സി. മില്ലുകളും ഇതിനകം പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
വലിയൊരു ശതമാനം സ്ത്രീ ജീവനക്കാരാണ് മാഹിയിലുള്ളത്. നിർദ്ധനരും, നിരാലംബരുമായ തൊഴിലാളി കുടുംബങ്ങൾ കൊവിഡ് കാലത്ത് പട്ടിണിയിൽ കഴിയുന്ന അവസ്ഥയാണ്. കേരളത്തിലെയും, പുതുച്ചേരിയിലേയും എം.പി.മാർക്കും, മുഖ്യമന്ത്രിക്കു മടക്കം നിവേദനം നൽകിയിരുന്നു. മുഴുവൻ ജീവനക്കാരും ശ്രദ്ധ ക്ഷണിക്കൽ സത്യഗ്രഹവും നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഇത് ആവർത്തിക്കപ്പെടാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.വത്സരാജ്, സത്യജിത് കുമാർ, വി.എം.ശീജിത്ത് എന്നിവർ വ്യക്തമാക്കി.
മില്ലിനകത്ത് മതിയായ സാമൂഹ്യ അകലം പാലിച്ച് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ട്. ആരോഗ്യ തൊഴിൽ വകുപ്പുകളുടെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മിൽ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണം. ശമ്പള കുടിശ്ശിക ഉടൻ നൽകണം.
സംഘടനാ നേതാക്കൾ
അടഞ്ഞുകിടക്കുന്ന മാഹി സ്പിന്നിംഗ് മിൽ