വെള്ളരിക്കുണ്ട് (കാസർകോട്): കാമുകിയുമൊത്തുള്ള സ്വതന്ത്ര ജീവിതമായിരുന്നു വിഷം ചേർത്ത ഐസ്ക്രീം കൊടുത്ത് സഹോദരിയെ കൊന്ന ആൽബിന്റെ സ്വപ്നം. സഹോദരി ആൻമേരിയെയും (16) അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ ശേഷം വിവാഹിതനാവുക. തുടർന്ന് ആഡംബര ജീവിതം നയിക്കുക. പക്ഷേ കടുകൈ പാതിവഴിയിൽ പാളിയപ്പോൾ ആ ദുഷ്ട സ്വപ്നങ്ങളും ഇല്ലാതായി.
അമ്മയും അച്ഛനും രക്ഷപ്പെട്ടതാണ് ആൽബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ 20 കാരിയുമായുള്ള പ്രണയം നഷ്ടമായതിൽ വീട്ടുകാരോട് ആൽബിന് കടുത്ത ദേഷ്യമുണ്ടായിരുന്നു. യുവാവിന്റെ ലൈംഗിക വൈകൃതവും സ്വഭാവ ദൂഷ്യവും മറ്റുമറിഞ്ഞതോടെയാണ് കാമുകിയും വീട്ടുകാരും ആൽബിനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. പക്ഷേ ബന്ധത്തിൽ നിന്ന് പിൻമാറാൻ ആൽബിൻ തയ്യാറായില്ല. 'നിന്റെ കുടുംബത്തിലേക്ക് പെണ്ണിനെ അയയ്ക്കാൻ കഴിയില്ലെന്ന്" കാമുകിയുടെ വീട്ടുകാർ പറഞ്ഞതാണ് ആൽബിനെ ചൊടിപ്പിച്ചത്.
തന്റെ വീട്ടിലെ മോശം അന്തരീക്ഷം ഇല്ലാതാക്കാനാണ് എല്ലാവരെയും കൊല്ലാൻ ആൽബിനെ പ്രേരിപ്പിച്ചത്. കർഷക കുടുംബമായതിനാൽ എലിവിഷം വീട്ടിലുണ്ടാകുമെന്നും അത് കഴിച്ച് കുടുംബം ജീവനൊടുക്കിയാൽ നാട്ടുകാർ ആത്മഹത്യയായി കരുതുമെന്നും വിശ്വസിച്ചു. അവിശ്വസനീയമായി തോന്നിയതെങ്കിലും കാമുകിക്കൊപ്പം സുഖജീവിതം നയിക്കണം എന്നതു മാത്രമായിരുന്നു തന്റെ മനസിലെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.
ലോക്ക് ഡൗണിന് മുമ്പ് കോട്ടയത്തെ സുഹൃത്തിന്റെ ഹോട്ടലിൽ ജോലി ചെയ്തതെന്ന ആൽബിന്റെ വാദവും കള്ളമാണെന്ന് വ്യക്തമായി. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദിന്റെ മേൽനോട്ടത്തിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദൻ അന്വേഷണം ഊർജിതമാക്കി.