പയ്യന്നൂർ: നീണ്ടുപോകുന്ന ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ സിനിമാമേഖലയിൽ നിന്ന് നിലനിൽപ്പിന് വേണ്ടിയുള്ള പരീക്ഷണങ്ങളുമായി തിയേറ്ററുടമ. പയ്യന്നൂരിലെ സുമംഗലി തിയേറ്റർ കോമ്പൗണ്ടാണ് ഇന്നലെ മുതൽ താൽക്കാലികമായി പേ പാർക്കിംഗ് കേന്ദ്രമാക്കി മാറ്റിയത്. കഴിഞ്ഞ വർഷം ഇതേ ഓണക്കാലത്ത് പ്രേക്ഷകരുടെ ആരവം മുഴങ്ങി നിന്ന തിയേറ്റർ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാനെത്തുന്ന വാഹനങ്ങളുടെ മൂളലും ഇരമ്പലുമാണിപ്പോൾ.
പയ്യന്നൂരിലെ ബോംബേ ഹോട്ടൽ ഗ്രൂപ്പ് ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമസ്ഥരായ സഹോദരൻമാരിൽ കെ.പി. ഗണേശന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലൊന്നാണ് സുമംഗലി. മൂന്ന് ആധുനിക സിനിമാ തിയേറ്ററുകളാണ് സുമംഗലി തിയേറ്റർ കോംപ്ലക്സിലുള്ളത്. പയ്യന്നൂരിൽ തന്നെയുള്ള രാജധാനി കോംപ്ലക്സിൽ രണ്ട് തിയേറ്ററുകളും ചെറുപുഴയിലുള്ള എ.കെ.തിയേറ്ററും ഇവരുടെതാണ്.
കഴിഞ്ഞ മാർച്ച് 10ന് ആണ് കേരളത്തിലെ സിനിമാ തിയേറ്ററുകൾ അടച്ചത്. കഴിഞ്ഞ അഞ്ചു മാസമായി വരുമാനം മുഴുക്കെ നിലച്ച് ബാങ്കിൽ നിന്നെടുത്ത വായ്പകൾക്ക് മുതലും പലിശയും തിരിച്ചടയ്ക്കാനാകാതെ കൂടി വരുന്നത് പല ഉടമകളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ബാങ്കിൽ നിന്നു ലോണെടുത്തും മറ്റും മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് അടുത്തിടെയാണ് സുമംഗലി, രാജധാനി തിയേറ്ററുകൾ ഏറ്റവും ആധുനിക സൗകര്യങ്ങളോടെ തിയേറ്റർ കോംപ്ലക്സുകളാക്കി മാറ്റിയത്. അഞ്ചു മാസമായി വരുമാനമൊന്നുമില്ലെങ്കിലും തിയറ്ററിലെ ആധുനിക ഇലക്ട്രോണിക്സ് പ്രൊജക്ടറുകളും, എ.സി, ജനറേറ്ററുകൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനു തന്നെ മാസത്തിൽ നല്ലൊരു തുക ചെലവ് വരും. ഇതു കൂടാതെ വൈദ്യുതി മിനിമം ചാർജ്, കെട്ടിട നികുതി തുടങ്ങിയ ചെലവുകൾ പുറമെയും.
ലോക്ക്ഡൗണിനെ പഴി പറഞ്ഞിരിക്കാതെ ദുരിതപൂർവ്വമായ അവസ്ഥയെ തരണം ചെയ്യാൻ ധീരതയോടെ പരീക്ഷണത്തിനിറങ്ങിയ ഗണേശനെ പ്രമുഖ സംവിധായകനും ഫെഫ്ക സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ, ഫിയോക്ക് മുൻ പ്രസിഡന്റും നടനുമായ ദിലീപ്, ഫിയോക്ക് സെക്രട്ടറി എം.സി. ഗോപി തുടങ്ങിയവർ ഫോണിലൂടെ അഭിനന്ദിച്ചു.
ബൈറ്റി
തന്റെ നിത്യവൃത്തിയെന്നതിലുപരി തിയറ്ററുകളിലെ പതിനഞ്ചോളം സ്ഥിരം ജീവനക്കാരുടെ പ്രാരാബ്ധങ്ങൾക്ക് ചെറിയൊരു പരിഹാരമാകുമെന്ന നിലയിലാണ് പേ പാർക്കിംഗ് പരീക്ഷണത്തിന് ഒരുങ്ങിയത്. സർക്കാറിലേക്ക് മാസത്തിൽ പല വിധ പേരുകളിലായി ലക്ഷങ്ങൾ നികുതി ആയി നൽകിയ തിയേറ്റർ മേഖലയെ, സംരക്ഷിക്കുന്നതിനായി പലിശയില്ലാതെ ലോൺ നൽകിയാൽ തത്കാലം പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ പറ്റുമായിരുന്നു, സർക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- കെ.പി.ഗണേശൻ,സുമംഗലി തിയേറ്റർ ഉടമ.