
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസൻസ് പുതുക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റൺവേയുടെ ഫ്രിക്‌ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ ടയറിൽ നിന്ന് റബർ അടർന്ന് വീണ് റൺവേയിൽ അടിഞ്ഞു കൂടിയാൽ റൺവേയുടെ ഫ്രിക്‌ഷൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കണ്ണൂരിൽ എയർ ക്രാഫ്റ്റ് മൂവ്മെന്റ് താരതമ്യേന കുറവും റൺവേ പുതിയതും ആയതിനാൽ ഫ്രിക്‌ഷൻ ടെസ്റ്റിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് കണ്ടെത്തൽ.
2018 ഒക്ടോബർ 4ന് ആണ് ആദ്യം വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നത്. പിന്നീട് 6 മാസത്തേക്കും ഒരു വർഷത്തേക്കും പുതുക്കി. ഒക്ടോബർ 4ന് ലൈസൻസ് കാലാവധി കഴിയും. റൺവേ, എയർ സൈഡ്, ഫയർ ആൻഡ് സേഫ്റ്റി, ട്രെയിനിംഗ് തുടങ്ങിയ മേഖലകളിൽ ഡി.ജി.സി.എ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുക. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അന്തിമ തീരുമാനം ആയിട്ടില്ല. മാനദണ്ഡങ്ങൾ അനുസരിച്ച് ജോലികൾ പൂർത്തിയാക്കുന്നുണ്ടെന്നും ഡി.ജി.സി.എ പരിശോധനയ്ക്കായി വിമാനത്താവളം സജ്ജമാണെന്നും കിയാൽ അധികൃതർ പറഞ്ഞു.