കാസർകോട്: ചിങ്ങം ഒന്നിന് ജില്ലയ്ക്ക് 68.06 കോടി രൂപയുടെ പദ്ധതികൾ ലഭിച്ചു. ഇതിൽ ചിലപദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനത്തിനും മറ്റുചിലതിന്റെ ശിലാസ്ഥാപനത്തിനുമാണ് ഇന്നലെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിൽ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ സാക്ഷ്യം വഹിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് ഈ ആറ് പദ്ധതികൾക്കും തിരിതെളിഞ്ഞത്.

നിർഭയ വിമൻ ആന്റ് ചിൽഡ്രൻസ് ഹോം (2.47 കോടി രൂപ), അമ്പലത്തല സോളാർ പാർക്ക് 220 കെ വി സബ്‌സ്റ്റേഷൻ (39.68 കോടിരൂപ ),രാജപുരം 33 കെ വി സബ്‌സ്റ്റേഷൻ(12.75 കോടിരൂപ ),ബല്ല വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് ( 25 ലക്ഷം രൂപ)എന്നിവയുടെ ഉദ്ഘാടനവും വൺസ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും(61 ലക്ഷം) ചെമ്മനാട് സ്റ്റേഡിയത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ (12.3 കോടി)ആരംഭം കുറിക്കൽ ചടങ്ങുമാണ് ഇന്നലെ നടന്നത്. ഇതിനു പുറമേ ക്ഷീര കർഷകർക്കുള്ള കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി ഉദ്ഘാടനം ചെയ്തു. നീലേശ്വരം എടത്തോട് റോഡ് വികസന അവലോകന യോഗവും റവന്യു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സർവ്വേ ഓൺലൈൻ പരിശീലനപരിപാടിയും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.