നീലേശ്വരം: എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനത്തിന് വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും ആസ്ഥാനമന്ദിരമെന്നത് കടലാസിലുറങ്ങുന്നു. നഗരസഭയിലെ ബ്ലോക്ക് ഓഫീസ് പുത്തരിയടുക്കത്ത് പണിയുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് 6.50 ഏക്കർ സ്ഥലം കണ്ടു വെച്ചിരുന്നത്. 2019 ആഗസ്റ്റിൽ അന്നത്തെ എൻ.സി.സി കമാന്റിംഗ് ഓഫീസർ കേണൽ സുബ്രഹ്മണ്യം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ സി.പി. ദാമോധരൻ, ജൂനിയർ സൂപ്രണ്ട് ജയപ്രകാശ് എന്നിവർ സ്ഥലം സന്ദർശിക്കുകയും എൻ.സി.സി ആസ്ഥാനത്തിന് സ്ഥലം അനുയോജ്യമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് കഴിഞ്ഞാൽ വടക്കൻ ജില്ലകളിൽ ഇപ്പോൾ എൻ.സി.സി ക്ക് ഗ്രൂപ്പ് ആസ്ഥാനമില്ല. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനമുള്ളത്. പയ്യന്നൂർ ബറ്റാലിയന് കീഴിലാണ് കാസർകോട് ജില്ലയിലെ എൻ.സി.സിയുടെ പ്രവർത്തനം.
റവന്യൂ വകുപ്പ് സ്ഥലം എൻ.സി.സി.ഡയറക്ടറേറ്റിന് കൈമാറാൻ തയ്യാറാണെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പറയുന്നത്. എൻ.സി.സി. ഡയറക്ടറേറ്റിൽ നിന്ന് ഫയലുകൾ സർക്കാറിന്റെ പരിഗണനയിലേക്ക് അയച്ചുവെങ്കിലും ഫയലുകൾ പൊടിപിടിച്ച് അവിടെ കിടക്കുകയാണെന്നും പറയുന്നു.
മാറ്റം അനിവാര്യമാണ്
നീലേശ്വരത്ത് എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനം വരികയാണെങ്കിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ സ്കൂളുകളിലേക്കും, കോളേജുകളിലേക്കും എൻ.സി.സിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാകും. കൂടാതെ മിലിട്ടറി കാന്റീൻ, ആർമി, നേവി, എയർഫോഴ്സ് എന്നിവയുടെ ബറ്റാലിയനും ഇവിടെ പ്രവർത്തിക്കും. ഇപ്പോൾ എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തു നിന്ന് തീരമേഖലയിലേക്ക് ചെറിയ ദൂരം മാത്രമേയുള്ളൂ.