jail

കണ്ണൂർ: സംസ്ഥാനത്ത് ജയിലുകളിൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ 65 വയസു കഴിഞ്ഞ ശിക്ഷാ തടവുകാരെ താൽക്കാലികമായി വിട്ടയയ്ക്കുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുസംബന്ധിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകി. സ്വന്തം ബോണ്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിട്ടയയ്ക്കൽ.

കേരളത്തിലെ മുന്നൂറോളം തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിൽ, കൊല്ലം ജില്ലാ ജയിൽ തുടങ്ങിയ ജയിലുകളിലെ തടവുകാർക്കാണ് കൂടുതലായും കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ജയിലിനുള്ളിൽ തന്നെ പ്രത്യേക ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നുവെങ്കിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ജയിലുകളിൽ രോഗം വ്യാപകമാകുന്നത് ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയായിട്ടുണ്ട്. ഇതേതുടർന്ന് പലരും നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജയിലുകളിൽ രോഗം വ്യാപകമായാൽ സമൂഹവ്യാപനമുണ്ടായെന്ന് ഉറപ്പിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജയിലിൽ കഴിയുന്നവർ പുറത്തുനിന്നുള്ള മറ്റു സമ്പർക്കത്തിൽ ഏർപ്പെടാത്തവരുമാണ്.

തിരിച്ചുവരണം 30നകം

അതേ സമയം നേരത്തെ അടിയന്തര അവധി ലഭിച്ചവരും ലോക്ക് ഡൗണിനു മുമ്പ് അവധിയിൽ പ്രവേശിച്ചവരുമായ വിവിധ ജയിലുകളിലെ 265 തടവുകാർ സെപ്തംബർ 30നകം ജയിലിൽ തിരികെ പ്രവേശിക്കണം. രണ്ടാം ഘട്ടത്തിൽ തുറന്ന ജയിലുകളിലെയും വനിതാ ജയിലുകളിലെയും 589 തടവുകാർ ഒക്ടോബർ 15 നകം തിരികെ പ്രവേശിക്കാനും നിർദേശം നൽകിയിട്ടുണ്ട്.


ഇവരെ പരിഗണിക്കില്ല
യു.എ.പി.എ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, മനുഷ്യകടത്ത് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ പരിഗണിക്കില്ല.