photo
പഴയങ്ങാടി സബ് ട്രഷറിക്കായി എരിപുരത്ത് നിർമ്മിക്കുന്ന കെട്ടിടം

പഴയങ്ങാടി: 37 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന പഴയങ്ങാടി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യവുമാകുന്നു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെൽ ടെണ്ടർ നടപടി പൂർത്തീകരിച്ചതിന് ശേഷമാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.

2019 ആഗസ്റ്റിൽ ആരംഭിച്ച കെട്ടിട നിർമ്മാണ പ്രവൃത്തി ലോക്ക് ഡൗൺ കാരണം നിലച്ചിരുന്നുവെങ്കിലും. ഇപ്പോൾ പ്രവൃത്തി നടക്കുന്നുണ്ട്. രണ്ട് നിലകളുള്ള കെട്ടിടം എരിപുരത്ത് എ.ഇ.ഒ ഓഫീസിന് സമീപത്തായിട്ടാണ് നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിനായി 2.14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.

2010 ജൂൺ 20ന് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതി സബ് ട്രഷറി ഓഫീസിന് വേണ്ടി ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. ട്രഷറി നിർമ്മിക്കാൻ വേണ്ടി പഴയങ്ങാടി താലൂക്ക് ആശുപത്രി വികസന സമിതി എരിപുരത്ത് വിട്ട് കൊടുത്ത പതിനൊന്നേ മുക്കാൽ സെന്റ് സ്ഥലം കാട് മൂടി ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരുന്നു. ടി.വി രാജേഷ് എം.എൽ.എയുടെ പരിശ്രമഫലമായിട്ടാണ് സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നത്.

1983 ലാണ് എരിപുരത്തെ മാടായി ബാങ്കിന്റെ കെട്ടിടത്തിൽ വാടകയ്ക്ക് ട്രഷറി പ്രവർത്തനം ആരംഭിച്ചത്. മാടായി, മാട്ടൂൽ, കുഞ്ഞിമംഗലം, ചെറുകുന്ന്, കണ്ണപുരം, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ സർക്കാർ, എയിഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള വിതരണവും മൂവായിരത്തിലധികം പെൻഷനുകളും കൈകാര്യം ചെയ്യുന്നത് പഴയങ്ങാടി സബ് ട്രഷറിയിലാണ്. നിലവിൽ വാടക കെട്ടിടത്തിലെ സ്ഥലപരിമിതി കാരണം ജീവനക്കാരും ഇടപാടുകാരും വീർപ്പ്മുട്ടകയായിരുന്നു.