പെരിയ: കൊവിഡ് ലോക്ക് ഡൗൺ മൂലം ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളും അനുബന്ധ പരിപാടികളും മുടങ്ങിയ സാഹചര്യത്തിൽ ക്ഷേത്ര സ്ഥാനികന്മാരും, കോലധാരികളും അവരുടെ കുടുംബങ്ങളും പട്ടിണിയുടെ വക്കിൽ എത്തിയിരിക്കുകയാണെന്ന് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി. കണ്ണൂർ, കാസർകോട് ജില്ലയിലെ സമുദായ ക്ഷേത്രങ്ങളിലെ 600 ഓളം വരുന്ന ആചാര സ്ഥാനികർക്കും, ആസ്ഥാന പരിസരത്തുള്ള കോലധാരികൾക്കും ഇതര സമുദായ സ്ഥാനികന്മാർക്കും ഓണത്തോടനുബന്ധിച്ച് 21ന് രാവിലെ 10 മണിക്ക് പെരിയ എസ്.എൻ കോളേജിൽ വെച്ച് 6 ലക്ഷം രൂപ മുടക്കി ഓണ കോടിയും, ഓണകിറ്റും നൽകുവാൻ സംരക്ഷണ സമിതി തീരുമാനിച്ചു.
ചടങ്ങ് സമിതി പ്രസിഡന്റ് സി. രാജൻ പെരിയ ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരികളായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ചന്ദ്രശേഖര കാരണവർ, ജനറൽ സെക്രട്ടറി നാരായണൻ ചൂരിത്തോട്, വി.വി. കുഞ്ഞിരാമൻ, ആചാര അദ്ധ്യാത്മിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സംഘടനയുടെ വിവിധ മേഖലകളിലെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും. സർക്കാർ അചാര സ്ഥാനികന്മാർക്ക് നൽകിവരുന്ന വേതനം 12 മാസത്തോളമായി മുടങ്ങി കിടക്കുകയാണ്. വേതനം ഓണത്തിനു മുമ്പായി വിതരണം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.