ഇരിട്ടി: ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് - ജിൻസി ദമ്പതികളുടെ ഏക മകൻ യശ്വിനാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. വീട്ടിലെ ബാത്ത്റൂമിന്റെ പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ കുട്ടി വീഴുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ ബാത്ത് റൂമിലായിരുന്നു. അമ്മയെ തേടി എത്തിയതാണെന്ന് കരുതുന്നു. പിതാവ് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ബാത്ത് റൂമിനടുത്തേക്ക് പോയത് ശ്രദ്ധിച്ചില്ല. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് പിതാവ് ജിജേഷ്.