കണ്ണൂർ: വ്യാപാരസ്ഥാപനങ്ങളിലെ ഓണത്തിരക്ക് ക്രമീകരിക്കുന്നതിന് കടകളുടെ പ്രവർത്തന സമയം രാത്രി ഏഴുവരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിൽ ജില്ലയിൽ കടകൾക്ക് വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന അനുമതി. സാധാരണ ജനങ്ങൾ ജോലി കഴിഞ്ഞ് ടൗണിലേക്ക് എത്തുമ്പോഴേക്കും വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നത് മൂലം കൂടുതൽ തിരക്ക് അനുഭവപ്പെടുകയാണ്.
ഞായറാഴ്ചകളിലും സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണം. ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗി വ്യാപാര സ്ഥാപനത്തിൽ എത്തപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം അറിയുന്ന പക്ഷം ആ സമയത്ത് ജോലിയിൽ ഇല്ലാത്ത മറ്റു ജീവനക്കാരെ ഉപയോഗപ്പെടുത്തി സർക്കാർ മാനദണ്ഡപ്രകാരം അണുനശീകരണം നടത്തിയതിനുശേഷം സ്ഥാപനം തുറക്കാനുള്ള അനുമതി നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിച്ചു.