കണ്ണൂർ: കാടിനെയും പക്ഷികളെയും സാക്ഷി നിർത്തിയായിരുന്നു കോട്ടയം നാട്ടകത്തെ ഡോ. അപർണയ്ക്ക് ഭർത്താവ് അശോക് വിവാഹ വാർഷിക ദിനത്തിൽ ഒരു കുഞ്ഞു ക്യാമറ സമ്മാനിച്ചത്. ആ സാധാരണ പോയിന്റ് ആൻഡ് ഷൂട്ട് കാമറയിൽ നിന്നും അപർണ്ണ ഇന്ന് ഉപയോഗിക്കുന്ന നിക്കോൺ ഡി എയ്റ്റ് ഫിറ്റി കാമറയിലേക്ക് ആത്മാർത്ഥ പരിശ്രമത്തിന്റെയും പഠനത്തിന്റെയും അടങ്ങാത്ത അഭിനിവേശത്തിന്റെയും ദൂരമാണ്.
ഷോളയാർ വനത്തിലെ ആ യാത്ര തന്നെയാണ് കാടുകളെയും പക്ഷികളെയും ജീവജാലങ്ങളെയും അപർണയോടടുപ്പിച്ചത്. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വനിത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറിൽ ഒരാളാണ് അപർണ. ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ കഴിയില്ല, പക്ഷെ പഠിക്കാൻ കഴിയും ഈ വാചകങ്ങൾ തന്നെയാണ് അപർണയും മനഃപാഠമാക്കിയത്.
ആ കഥ ഇങ്ങനെ
ഹയർസെക്കൻഡറി അദ്ധ്യാപികയായ അപർണയ്ക്ക് ഫോട്ടോഗ്രാഫി എന്താണെന്ന് അറിയുകയോ അതിനോട് പ്രത്യേക താൽപ്പര്യമോ ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹ ശേഷം ജീവിതം ഫോട്ടോഗ്രാഫി എന്ന കോണിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. തെക്കേ ഇന്ത്യയിൽ ഭൂരിഭാഗം എല്ലാ കാടുകളും അപർണ്ണയുടെ കാമറ കണ്ണുകൾ പതിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ രൺതംഭോർ കാടിലും പോയിട്ടുണ്ട്. വടക്കെ ഇന്ത്യൻ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ.
ആദ്യമായി ഫോട്ടോ എടുത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് അപർണയ്ക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് ആത്മ വിശ്വാസമേറുകയായിരുന്നു. അപൂർവ്വ ജീവികളിലൊന്നായ മരനായ മുതൽ കടുവ, മയിൽ, ആന തുടങ്ങിയ പക്ഷി മൃഗാദികളുടെ വ്യത്യസ്തവും അപൂർവ്വങ്ങളുമായ ഫോട്ടോകളാണ് അപർണ പകർത്തിയത്. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരനായ ഷോളയാർ വനത്തിലുണ്ടെന്ന് കണ്ടെത്തുന്നത് തന്നെ 2012 ലെ അപർണയുടെ ക്ലിക്കിലൂടെയാണ്. മാസത്തിൽ രണ്ടു പ്രാവശ്യം നടത്തുന്ന വൈൽഡ് ലൈഫ് യാത്രയിൽ പരാമാവധി ചിത്രങ്ങൾ പകർത്താൻ ശ്രമിക്കാറുണ്ട് അപർണ.
വ്യത്യസ്ത പക്ഷികളുടെ വിഹാര കേന്ദ്രമായ പാപ്പുവ ന്യൂഗിനിയിലെ പറുദീസ പക്ഷികളുടെ ചിത്രമെടുക്കുകയെന്ന സ്വപ്നം കൊവിഡിനെ തുടർന്ന് നീണ്ടു പോകുന്നതിലുള്ള വിഷമവും അപർണയ്ക്കുണ്ട്. നിലവിൽ വീട്ടുപറമ്പൽ വരുന്ന പക്ഷികളുടെ തന്നെ വ്യത്യസ്ത ചിത്രങ്ങൾ എടുത്ത് വയ്ക്കുകയാണ് പാമ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് അദ്ധ്യാപികയായ അപർണ. ഭർത്താവ് ഡി. അശോക് കെ..എസ്.ഇ ബി അസി. എൻജിനീയർ ആണ്. കോട്ടയം നാട്ടകത്തെ പി.കെ. പുരുഷോത്തമന്റെയും ലീലാബായിയുടെയും മകളാണ്.
ബൈറ്റ്...
കാടിനെ മനസ്സിലാക്കി സ്നേഹിച്ച് അടുത്തു പോയാൽ കാട് ഏറ്റവും സമാധാനം നൽകുന്ന ഒരു ഇടമാണ്. സാമ്പത്തിക നേട്ടമില്ലെങ്കിലും കാടും ജീവജാലങ്ങളും പകർന്നു തരുന്ന വല്ലാത്ത ആത്മസംതൃപ്തിയാണ് വന്യജീവി ഫോട്ടോഗ്രാഫി പകർന്നു നൽകുന്നത്. പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്ന് വരണം.
അപർണ