ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പായം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിയന്ത്രണം കർശനമാക്കി. 3 മുതൽ 11 വരെയുള്ള രണ്ടാഴ്ചക്കാലം ആയിരത്തിനടുത്ത് ആളുകൾ ആശുപ്രതിയിൽ നിന്നും മരുന്നു വാങ്ങിപോയതായാണ് കണക്കാക്കുന്നത്. ഇവരെല്ലാം പ്രൈമറി, സെക്കൻഡറി കോൺടാക്ടിൽ വരുന്നതിനാലാണ് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്ന് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച മുതൽ വള്ളിത്തോട് ടൗണും , ആനപ്പന്തിക്കവല ടൗണും അടച്ചിടുന്നതിനും തീരുമാനിച്ചു. പലചരക്കുകട, പച്ചക്കറിക്കട, ബേക്കറി എന്നിവ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ തുറക്കാൻ അനുവദിക്കും . ഇറച്ചിക്കടകൾ, മീൻ മാർക്കറ്റ് എന്നിവ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കാം. വള്ളിത്തോട് അക്ഷയ കേന്ദ്രം 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കും. വള്ളിത്തോട് ആശുപത്രി ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ 1 മണി വരെ മാതമേ പ്രവർത്തിക്കുകയുള്ളൂ. ഈവനിംഗ് ഒ പി തൽക്കാലം നിർത്തി വെക്കും.