കാസർകോട് : കുമ്പള നായിക്കാപ്പിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ക്വട്ടേഷൻ സംഘത്തിലെ രണ്ടു യുവാക്കളെ കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുമ്പള ബദിയടുക്ക റോഡിലെ ശാന്തിപ്പള്ളം കോളനിയിലെ റോഷൻ (20), വിനു (19) എന്നിവരാണ് ഒന്നരക്കിലോമീറ്റർ അകലെയുള്ള കൃഷ്ണ നഗറിലെ ചെടിഗുമ്മേ കാട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. കൂട്ടുകൂടി മദ്യപിക്കാനിരിക്കുന്ന കാട്ടിനുള്ളിലെ സ്ഥിരം താവളത്തിലാണ് ഇന്നലെ വൈകിട്ട് ഇരുവരുടെയും മൃതദേഹം തൂങ്ങിനിൽക്കുന്നതായി കണ്ടെത്തിയത്.ക്വട്ടേഷൻ നൽകിയ യുവാവ് പൊലീസിന്റെ വലയിലായെന്നറിഞ്ഞതോടെയാണ് കൂടെയുണ്ടായിരുന്ന യുവാക്കൾ ജീവനൊടുക്കിയതെന്നാണ് സൂചന.
ഓയിൽ മില്ലിലെ ജീവനക്കാരൻ കുമ്പള നായിക്കാപ്പിലെ ഹരീഷ് (38) തിങ്കളാഴ്ച അർദ്ധ രാത്രിയോടെ വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുവാക്കളുടെ മരണം. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം വീടിന് നൂറു മീറ്റർ അകലെ വച്ചാണ് ഹരീഷിന് വെട്ടേറ്റത്. വഴിയാത്രക്കാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് എത്ത ഇയാളെ കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരീഷിനെ വെട്ടിക്കൊന്ന രാത്രി മുഖ്യപ്രതിയെന്നു കരുതുന്ന ശാന്തിപ്പള്ളത്തെ ശരത് എന്ന ശ്രീകുമാറിനോടൊപ്പം ഇരുവരും കാറിൽ ചുറ്റിക്കറങ്ങുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്ന് ഇവരുടെ വീടുകളിൽ കുമ്പള പൊലീസ് അന്വേഷിച്ചു ചെന്നിരുന്നു.ശരത്തിനെ ഇന്നലെ വൈകുന്നേരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കൊല്ലപ്പെട്ട ഹരീഷും മുഖ്യപ്രതിയും ബി .എം .എസ് പ്രവർത്തകരാണ്. തൂങ്ങിമരിച്ചവരും ബി .ജെ. പി അനുഭാവികളാണെന്ന് നാട്ടുകാർ പറഞ്ഞു. നായ്ക്കാപ്പിലെ പ്രസാദ് മില്ലിലെ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് വെട്ടേറ്റു മരിച്ചതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും നെറ്റിത്തടത്തിലും നെഞ്ചിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. തലയ്ക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.കുഴികൾ നിറഞ്ഞ റോഡിലെ വളവിൽ ബൈക്കിന്റെ വേഗത കുറച്ചപ്പോൾ ആണ് ആക്രമണം നടന്നത്. വെട്ടിന്റെ സ്വഭാവം പ്രൊഫഷണൽ കൊലയാളികളുടെ സ്റ്റൈലിൽ ഉള്ളതാണെന്ന് പൊലീസ് സൂചിപ്പിച്ചു. 15 വർഷത്തോളമായി ഓയിൽ മില്ലിൽ ജോലി ചെയ്തു വരുന്ന ഹരീഷുമായി മില്ലിലെ മറ്റൊരു ജീവനക്കാരൻ പത്തു ദിവസം മുമ്പ് വഴക്കിട്ടിരുന്നു. മില്ലിന് സമീപത്തെ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിനാലാണ് ഹരീഷിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നല്കിയതെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.