കാസർകോട് :കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ ജീവനക്കാരൻ ഹരീഷിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി കുമ്പള ബദിയടുക്ക റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ശരത്ത് എന്ന ശ്രീകുമാർ പൊലീസ് പിടിയിലായി. ഇതോടെ കൊലപാതകത്തിനു പിന്നാലെ നടന്ന രണ്ടു യുവാക്കളുടെ തൂങ്ങി മരണത്തിലെ ദുരൂഹത യും നീങ്ങിയേക്കും. പിടിയിലായ മുഖ്യപ്രതി യുടെ സഹായികളാണ് തൂങ്ങി മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് കുമ്പള ഇൻസ്പെക്ടർ പി പ്രമോദും സംഘവും മുഖ്യ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സഹായികളായ കുമ്പള കുണ്ടങ്കാരടുക്ക കോളനി സ്വദേശികളായ മോഹനന്റെ മകൻ മനു എന്ന മണികണ്ഠൻ(25), ചേതന്റെ മകൻ റോഷൻ(23) എന്നിവരാണ് കൃഷ്ണനഗർ ഷെഡിഗുമ്മയിലെ കാട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇവരെ പോലീസ് അന്വേഷിക്കുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെ മുതൽ യുവാക്കളെ കാണാതാവുകയായിരുന്നു. വൈകിട്ടാണ് ഇരുവരെയും കാട്ടിനുള്ളിൽ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതാണ്
നാട്ടുകാർ കണ്ടത്. സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ മുഖ്യപ്രതിയായ ശ്രീകുമാറിനെ പിടികൂടണമെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു. ഹരീഷ് ജോലിചെയ്യുന്ന ഓയിൽ മിൽ അടുത്തകലത്താണ് ശ്രീകുമാർ ഡ്രൈവറായി ജോലിക്കെത്തിയത്. ഹരീഷിനെ വെട്ടിക്കൊന്ന ദിവസം രാത്രി ശ്രീകുമാറും തൂങ്ങിമരിച്ച റോഷനും മനുവും ഒരുമിച്ചുണ്ടായിരുന്നു. മൂന്നുപേരും ചേർന്ന് ശ്രീകുമാറിന്റെ കാറിൽ ചുറ്റിക്കറങ്ങുന്നത് നായ്ക്കാപ്പിലെ ചിലരെല്ലാം കണ്ടിരുന്നു. സംഘം ചേർന്ന് മദ്യപിച്ച ശേഷം മൂന്നുപേരും കാറിലെത്തി കൊലനടത്തിയെന്നാണ് പറയുന്നത്. അതേസമയം മണൽ ജോലിക്ക് എന്നു പറഞ്ഞതാണ് റോഷനെയും മനുവിനെയും ശ്രീകുമാർ കാറിൽ കയറ്റി കൊണ്ടുപോയതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലെ ഒളിത്താവളത്തിലാണ് കുമ്പളയിലെ ഗുണ്ടാസംഘം പതിവായി ഒത്തുകൂടാറുള്ളത്. ഇതേ ഒളിത്താവളത്തിൽ തന്നെയാണ് യുവാക്കൾ തൂങ്ങിമരിച്ചത്. മറ്റൊരു ഒളിത്താവളത്തിൽ വച്ചാണ് ശ്രീകുമാറിനെ പോലീസ് പൊക്കിയത്. അതിനിടെ ഹരീഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്ത്രീ വിഷയം ഉണ്ടെന്ന ആരോപണം സംബന്ധിച്ചു പോലീസ് അന്വേഷിക്കുന്നുണ്ട്.