police-

കാസർകോട് : കുമ്പള നായ്ക്കാപ്പിലെ ഓയിൽമിൽ ജീവനക്കാരൻ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി കുമ്പള കുണ്ടങ്കാരടുക്ക ശ്രീനിലയത്തിൽ ശരത്ത് എന്ന ശ്രീകുമാറിനെ (27) അറസ്റ്റ് ചെയ്തു. 1000 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്താണ് റോഷനെയും മണികണ്ഠനെയും ഇയാൾ കൂടെ കൂട്ടിയതെന്ന വിവരം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രീകുമാർ കസ്റ്റഡിയിലായതറിഞ്ഞാണ് കുണ്ടങ്കാരടുക്ക പട്ടികജാതി, പട്ടികവർഗ കോളനിയിലെ ചേതൻ -ഗ്ലാഡിസ് ദമ്പതികളുടെ മകൻ റോഷൻ (21), ആനന്ദൻ -പരേതയായ പ്രേമ ദമ്പതികളുടെ മകൻ മണികണ്ഠൻ (18) എന്നിവർ തൂങ്ങിമരിച്ചത്. ശ്രീകുമാറിന്റെ അയൽവാസികളായ ഇവർ എന്നും വൈകിട്ട് ഒത്തുകൂടാറുണ്ട്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് മുഖ്യപ്രതി ശ്രീകുമാർ മണികണ്ഠനെ ഫോണിൽ വിളിച്ചത്. മണൽ കടത്താൻ വിളിക്കുന്നുവെന്നാണ് മണികണ്ഠൻ വീട്ടിൽ പറഞ്ഞത്. റോഷനെ വിളിച്ചുവരുത്തിയത് മണികണ്ഠനാണ്. ശ്രീകുമാറിന്റെ കാറിൽ കയറി ഹരീഷിന്റെ വീടിനു സമീപം എത്തുകയും നൂറു മീറ്റർ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞുനിറുത്തി വെട്ടുകയുമായിരുന്നു. റോഷനും മണികണ്ഠനും ഒപ്പമുണ്ടായിരുന്നതായി ശ്രീകുമാർ ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. മണൽ കടത്താനെന്ന് പറഞ്ഞ് പോയ റോഷനെയും മണികണ്ഠനെയും പുലർന്നിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകിട്ട് ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരൻ ബാബു പറഞ്ഞു.

ശ്രീകുമാറിനെ കൊവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കൾ തൂങ്ങിമരിച്ചതെന്ന് കുമ്പള എസ്.ഐ സന്തോഷ്‌ കുമാർ പറഞ്ഞു. കൊലക്കേസിൽ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. കൊലപാതകം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന കത്തി കണ്ടെടുത്തു. എന്നാൽ ഈ ആയുധം കൊണ്ടല്ല ഹരീഷിനെ വെട്ടിയതെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ വിവരത്തിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.

കൊലപാതകത്തിൽ പങ്കെടുത്ത യുവാക്കളെ കൃഷ്ണനഗർ ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് ജോലിചെയ്യുന്ന ഓയിൽ മില്ലിൽ ഏതാനും മാസങ്ങൾക്കു മുമ്പാണ് ശ്രീകുമാർ ഡ്രൈവറായി ജോലിക്കെത്തിയത്. ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലാണ് ഈ സംഘം പതിവായി ഒത്തുകൂടാറുള്ളത്. അവിടെയാണ് യുവാക്കൾ തൂങ്ങിമരിച്ചത്. മറ്റൊരു ഒളിത്താവളത്തിൽനിന്നാണ്‌ ശ്രീകുമാറിനെ പൊലീസ് പൊക്കിയത്. ഹരീഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്ത്രീവിഷയം ഉണ്ടെന്ന ആരോപണം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.