ചെറുവത്തൂർ: പഠനത്തെപ്പോലെത്തന്നെ പാഠ്യേതര വിഷയങ്ങളിലും സജീവമായ ഇടപെടലുകളിലൂടെ സമൂഹശ്രദ്ധ നേടിയ ചെറിയാക്കര ഗവ. എൽ.പി സ്കൂളിന് ബെസ്റ്റ് പി.ടി.എ അവാർഡ്. പ്രൈമറി വിഭാഗത്തിലാണ് ഈ സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി അറുപതിനായിരം രൂപയുടെ സമ്മാനത്തിന് അർഹത നേടിയത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി പി.ടി.എ യും പിന്നാലെ നാടൊട്ടാകെയും മുന്നിട്ടിറങ്ങിയപ്പോൾ അതൊരു വിജയകഥയായി.

പരിമിതമായ ഭൗതീക സാഹചര്യങ്ങളിൽ വീർപ്പുമുട്ടിയ വിദ്യാലയത്തെ ജനകീയ കൂട്ടായ്മയിലൂടെ ശിശു സൗഹൃദ വിദ്യാലയമാക്കാൻ കഴിഞ്ഞു. പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പതിനഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ചു. ജനപ്രതിനിധികളുടെയും, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം നേടിയെടുത്തു. പ്രവേശന കവാടം, ഹരിത പന്തൽ, ജൈവ ഓഡിറ്റോറിയം, ചുമരുകൾ നിറഞ്ഞ ചിത്രങ്ങൾ, ചുറ്റുമതിൽ എന്നിവയെല്ലാം വിദ്യാലയത്തെ അടിമുടി മാറ്റി. മെഡിക്കൽ ക്യാംപുകൾ, ബോധവൽക്കരണ ക്ലാസുകൾ, ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ, പച്ചക്കറി കൃഷി, കുട്ടികൾക്കുള്ള കലാ കായിക പരിശീലനം എന്നിവയെല്ലാം പി ടി എ കമ്മറ്റിയുടെ പ്രവർത്തന മികവിന്റെ അടയാളങ്ങളായി.

വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച എം.മഹേഷ് കുമാർ ദേശീയ അദ്ധ്യാപക അവാർഡ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. അക്കാദമിക നിലവാരം വർദ്ധിപ്പിക്കുന്നതിനായി തയാറാക്കിയ ദർപ്പൺ - മൊബെൽ ആപ്, ഇംഗ്ലീഷ് പഠനത്തിനായുള്ള അലക്സ, ഡിജിറ്റൽ മാഗസിൻ എന്നിവയെല്ലാം ശ്രദ്ധ നേടി. കൊവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകൾ എത്തിച്ചും, പ്രാദേശിക പഠനകേന്ദ്രങ്ങളിലേക്ക് ടെലിവിഷൻ എത്തിച്ചു നൽകിയുമെല്ലാം സ്കൂൾ പി.ടി.എ കമ്മിറ്റി സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തി. സ്കൂൾ പ്രധാനാദ്ധ്യാപിക പുഷ്പവല്ലി, പി.ടി.എ പ്രസിഡന്റ് ഒ കെ വിനോദ്, എം.പി.ടി എ പ്രസിഡന്റ് എം. പ്രിനിത, വികസന സമിതി ചെയർമാൻ പി. ഗോപാലൻ, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി പി. ബാലചന്ദ്രൻ നേതൃത്വം നൽകുന്നു.