പഴയങ്ങാടി: മുട്ടുകണ്ടി റോഡിനോട് ചേർന്ന് പഴയങ്ങാടി പുഴയിൽ പടർന്നുപന്തലിച്ച് കിടക്കുന്ന കണ്ടൽപരപ്പ് വിവിധയിനം പറവകളുടെ പറുദീസയാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് പക്ഷികളാണ് ഈ പക്ഷി സങ്കേതത്തിലുള്ളത്. നാടൻ കൊക്കുകൾ മുതൽ നീർപക്ഷികളിൽ ഏറ്റവും വലിയ പക്ഷിയായ കണ്ടിയപ്പൻകൊക്കു വരെ ഇവിടെ ഉണ്ട്.
രാവിലെ പക്ഷികൾ കൂടു വിടുന്നതും വൈകീട്ട് ചേക്കേറാൻ വരുന്നതും മനോഹരമായ കാഴ്ചയാണ്. അത് കാണാനും അതിന്റെ ദൃശ്യം പകർത്താനും ഒട്ടേറെ ആളുകൾ ഇവിടെ എത്താന്നു.
കണ്ടൽ കാടുകളുടെ തോഴൻ എന്നറിയപ്പെടുന്ന പരേതനായ കല്ലേൻ പൊക്കുടന്റെ ശ്രമഫലം കൂടിയാണ് ഈ കണ്ടൽ പരപ്പ്. 20 വർഷംമുമ്പ് റോഡ് വികസനത്തിന്റെ പേരിൽ കണ്ടൽ കാടുകൾ പിഴുതെറിയപെട്ടപ്പോൾ പൊക്കുടൻ പുഴയിലിറങ്ങി നട്ട കണ്ടലാണ് ഇപ്പോൾ ആകാശം മുട്ടെ ഉയർന്ന് വലിയ കണ്ടൽ പരപ്പായി മാറിയിരിക്കുന്നത്.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള മേഖലകളാണ് ഏഴോം, പട്ടുവം, ചെറുകുന്ന്, കുഞ്ഞിമംഗലം, കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകൾ. സമൃദ്ധമായി കിടക്കുന്ന ഈ കണ്ടൽകാട് മേഖലകളിലൂടെ ഒരിക്കലെങ്കിലും ജലയാത്ര നടത്തിയിട്ടുള്ളവർക്ക് വീണ്ടും സന്ദർശിക്കാൻ തോന്നും.
പ്രളയകാലത്ത് പഴയങ്ങാടി പുഴ കരകവിഞ്ഞപ്പോൾ ഒരു പരിധിവരെ വെള്ളപ്പൊക്കം തടഞ്ഞത് ഇവിടത്തെ കണ്ടൽക്കാടുകളാണ്. എന്നാൽ മാലിന്യ നിക്ഷേപം കാരണം ഇവിടെ കണ്ടലുകൾ നാശത്തിന്റെ വക്കിലാണ്.
കണ്ടൽ ഹെറിറ്റേജ്
സെന്ററാക്കണം
പ്രകൃതിയുടെ വിസ്മയമായ കണ്ടൽപരപ്പുകൾ പൂർണ്ണമായും സംരക്ഷിക്കാൻ ഈ മേഖലയെ കണ്ടൽ ഹെറിറ്റേജ് സെന്ററായി ഉയർത്തണമെന്ന ആവശ്യത്തെ തുടർന്ന് വനം മന്ത്രി രാജു കണ്ടൽപരപ്പുകൾ സന്ദർശിച്ചിരുന്നു. ജനകീയ പങ്കാളിത്തത്തോടെ കണ്ടൽ സംരക്ഷണം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് അന്ന് മന്ത്രി പറഞ്ഞെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ഇതിനു മുട്ടിയുരുമ്മിയാണ് ടൂറിസം വകുപ്പിന്റെ റിവർ വ്യൂ പാർക്കുള്ളത്. ടൂറിസം പദ്ധതിയോടൊപ്പം കണ്ടൽപരപ്പ് പൂർണമായും സംരക്ഷിക്കുമെന്ന് പാർക്കിന്റെ ഉദ്ഘാടന വേളയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.