കണ്ണൂർ: സി.പി.എമ്മിൽ നിന്നും കോൺഗ്രസിലേക്കും അവിടെ നിന്നു ബി.ജെ.പിയിലേക്കും ചുവട് മാറിയ എ.പി. അബ്ദുള്ളക്കുട്ടി 'ദേശീയ മുസ്ലീ"മിന്റെ പ്രസക്തിയും പ്രധാന്യവും വ്യക്തമാക്കി പുസ്തകം പുറത്തിറക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി രചിച്ച 'ദേശീയ മുസ്ലീം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് കോഴിക്കോട് നടക്കും. ഇന്ത്യയുടെ പൈതൃകത്തിനും ദേശീയതയ്ക്കുമൊപ്പം ജീവിക്കാൻ തീരുമാനിച്ച മുസ്ലീമാണ് ദേശീയ മുസ്ലീമെന്നും താനും അക്കൂട്ടത്തിലൊരാളാണെന്നും അബ്ദുള്ളക്കുട്ടി ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു.
ദേശീയ മുസ്ലീമെന്ന് പറഞ്ഞതിന് മറ്റുളളവർ നടത്തിയ ആക്ഷേപങ്ങൾക്ക് വ്യക്തമായ മറുപടി അദ്ദേഹം പുസ്തകത്തിലൂടെ നൽകുന്നു. തന്റെ നിലപാടുകളിലെ ദൃഢതയെ കുറിച്ചും നയം മാറിയത് തന്റേയല്ല, താൻ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതാണെന്ന് കാണിച്ചു കൊടുത്ത രാഷ്ട്രീയകാരനാണ് താനെന്നും അബ്ദുളളക്കുട്ടി പുസ്തകത്തിൽ പറയുന്നു. രാവിലെ 11ന് കല്ലായ് റോഡിലെ ഹോട്ടൽ വുഡ്ഡീസിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഓൺലൈൻ വഴി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജോയ് മാത്യു മുഖ്യ പ്രഭാഷണം നടത്തും.. നേരത്തെ 4 ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അബ്ദുളളക്കുട്ടിയുടെ പുതിയ പുസ്തകത്തിന്റെ പ്രസാധകർ ഇൻഡ്യ ബുക്സ് കോഴിക്കോടാണ്.