നീലേശ്വരം: പ്രഖ്യാപിച്ച ദുരന്തനിവാരണകേന്ദ്രം യാഥാർത്ഥ്യമാക്കാത്തതിനെ അടിസ്ഥാനമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ നീലേശ്വരം നഗരസഭ പ്രമേയം പാസാക്കി. ദുരന്തനിവാരണ കേന്ദ്രം നീലേശ്വരത്ത് ഉടൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ പ്രമേയം പാസാക്കിയത്. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.കെ. കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ച പ്രമേയത്തിന്.കൗൺസിലർ പി. മനോഹരൻ അനുവാദകനായി.
ദുരന്തനിവാരണ കേന്ദ്രത്തിനായി പാലാത്തടത്ത് റവന്യൂ വകുപ്പിന്റെ കൈയിലുള്ള 8 ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ദുരന്തനിവാരണ അതോറിറ്റി അധികാരികൾ സ്ഥലം സന്ദർശിച്ച് കേന്ദ്രത്തിന് അനുയോജ്യമാണെന്ന് വിലയിരുത്തിയതുമാണ്. കോഴിക്കോട് ജില്ല കഴിഞ്ഞാൽ വടക്കൻ ജില്ലകളിൽ ദുരന്തനിവാരണ കേന്ദ്രങ്ങളില്ല. കഴിഞ്ഞ മൂന്നുവർഷമായി പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും കൂടി വരുന്ന ഈ ഘട്ടത്തിൽ ഇവിടെ ദുരന്തനിവാരണ കേന്ദ്രത്തിന്റെ ആവശ്യം ഏറിവരികയാണ്. ഇപ്പോൾ ദുരന്തങ്ങൾ വന്നാൽ നാട്ടുകാരാണ് അപകടത്തിൽപ്പെടുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഇക്കാര്യം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.