ഇരിട്ടി: കൊവിഡി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരിട്ടി പട്ടണം ഇന്നു മുതൽ ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടുവാൻ ഇന്നലെ ഇരിട്ടി നഗരസഭയിൽ നടന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പച്ചക്കറിക്കടകൾ രാവിലെ 10 മണി വരെയും പലചരക്കുകടകൾ 12 മണി വരെയും തുറന്നു പ്രവർത്തിക്കും. എന്നാൽ ചില്ലറ വിൽപ്പന പാടില്ല. മെഡിക്കൽഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നും തുറന്നു പ്രവർത്തിക്കാൻ പാടില്ല.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർക്ക് കൊവിഡ് വരികയും ഇവർ വഴി വ്യാപകമായി സമ്പർക്ക രോഗികൾ ഉണ്ടായ സാഹചര്യത്തിൽ അടച്ചിട്ട ഇരിട്ടി താലൂക്ക് ആശുപത്രി നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഐ.പി, ഒ.പി, ഫാർമസി അടക്കം തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. 175 ഓളം വരുന്ന ആശുപത്രി ജീവനക്കാരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ മൂന്നു പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്
പാപ്പിനിശ്ശേരിയിലും കനത്ത ജാഗ്രത,
ഒൻപതു വാർഡുകൾ അടച്ചിട്ടു
കല്യാശ്ശേരി: കൊവിഡ് 19 സമ്പർക്ക വ്യാപനഭീതി നിലനിൽക്കുന്നതിനിടയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒമ്പതു വാർഡുകൾ അടച്ചിട്ടു. ബുധനാഴ്ച രാവിലെ പത്തുമണിക്ക് ശേഷമാണ് പഞ്ചായത്തിലെയും സമീപത്തെ കല്യാശ്ശേരി പഞ്ചായത്തിലെയും പ്രധാന റോഡുകൾ അടച്ചിട്ടത്.
പാപ്പിനിശ്ശേരിയിലെ 2, 3, 4, 5, 6, 12, 13, 14, 18 എന്നീ വാർഡുകളാണ് പൂർണമായി അടച്ചിട്ടത്. ഇതോടൊപ്പം മറ്റു വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡുകളും പൊലീസ് അടച്ചിട്ടുണ്ട്.
നിരവധി ബസുകൾ സർവ്വീസ് നടത്തുന്ന കീച്ചേരി - അഞ്ചാംപീടിക റോഡ് ഇരു ഭാഗത്തും വാഹനങ്ങൾ നിരയായി നിൽക്കുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ അടച്ചത്. അടച്ചിടുമ്പോൾ ഇരു ഭാഗത്തുമുണ്ടായ വാഹനങ്ങൾ കടന്നുപോകാൻ പോലും പൊലീസ് അനുവദിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കി. പാപ്പിനിശ്ശേരി ഗെയിറ്റ് - പാളിയത്ത് വളപ്പ് റോഡ്, വേളാപുരം - പഴഞ്ചിറ റോഡ്, ഇരിണാവ് - ധർമ കിണർ റോഡ് തുടങ്ങി ഒട്ടുമിക്ക പ്രധാന റോഡുകളും അടച്ചിട്ടുണ്ട്.