മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 587 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം ഷാർജയിൽ നിന്നെത്തിയ വന്ദേഭാരതിന്റെ ഭാഗമായുള്ള ഫ്ലൈറ്റ് 9- 1746 ലെ ഒരു യാത്രക്കാരനിൽ നിന്നാണ് 30,55,335 രൂപയുടെ സ്വർണ്ണം പിടികൂടിയത്. കാസർകോട് സ്വദേശി ഇബ്രാംഹിം ഖലീലാണ് (48) പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. നാല് ഗുളികകളായി സംയുക്ത രൂപത്തിൽ സ്വർണ്ണം മലാശയത്തിൽ സൂക്ഷിച്ചു കടത്തുന്നതിനിടെയാണ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ പരിശോധനയിൽ അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്,സൂപ്രണ്ട് എൻ രാജു എന്നിവർ പങ്കെടുത്തു. ഈ മാസം രണ്ടാം തവണയാണ് സ്വർണ്ണം പിടികൂടുന്നത്.