കണ്ണൂർ: ഏഴ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ആശ്വാസമായി കിട്ടിയ നിയമന ശുപാർശയും കൈയിൽ പിടിച്ചു നിസ്സഹായരായി ഇരിക്കുകയാണ് ഒരു കൂട്ടം അദ്ധ്യാപകർ. സംസ്ഥാനത്ത് യു.പി.എസ്.എ മലയാളം നിയമന ശുപാർശ കൈപ്പറ്റിയ 180 ഓളം ഉദ്യോഗാർത്ഥികൾക്കാണ് ഈ ദുർഗതി. പി.എസ്.സി സംസ്ഥാന തലത്തിൽ 2014 ൽ അപേക്ഷ ക്ഷണിച്ച് 2016 ൽ പരീക്ഷ നടത്തി 2018 ലാണ് വിവിധ ജില്ലകളിലായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റിൽ നിന്നും അവസാന ഘട്ട നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് കൊവിഡിന്റെ പേരു പറഞ്ഞാണ് അവസരം നിഷേധിച്ചിരിക്കുന്നത്.

ഫെബ്രുവരി ആദ്യത്തിൽ അഡ്വൈസ് കൈപ്പറ്റിയവർ പോലും അക്കൂട്ടത്തിൽ ഉണ്ട്. പല സ്‌കൂളുകളിലും അദ്ധ്യാപകരുടെ അഭാവം മൂലം, ഓൺലൈനിലൂടെയുള്ള വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താനും കൃത്യമായ ഇടപെടലുകൾ നടത്താനും പരാജയപ്പെടുന്ന സാഹചര്യത്തിൽ, അദ്ധ്യാപക നിയമനം വേഗത്തിലാക്കി ഓൺലൈൻ അദ്ധ്യാപനത്തിന്റെ നിലവാരം ഉയർത്തണമെന്നു വിവിധ കോണുകളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. പ്രൈവറ്റ് സ്‌കൂളുകൾ അവരുടെ അദ്ധ്യാപകരെ വെച്ച് ക്ലാസുകൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോവുമ്പോൾ, സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ മേൽനോട്ടത്തിന്റെ അഭാവം രക്ഷിതാക്കൾക്കിടയിലും ആശങ്കയ്ക്കിടയാക്കിട്ടുണ്ട്.

മറ്റു പല വകുപ്പുകളിലും യഥേഷ്ടം നിയമനങ്ങൾ നടക്കുമ്പോൾ, നീണ്ടകാലത്തെ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനു ശേഷം നേടിയെടുത്ത ജോലിയിൽ പ്രവേശിക്കാനുള്ള അവസരം നിഷേധിക്കുന്നത് തങ്ങളോടുള്ള നീതി നിഷേധമായി ഉദ്യോഗാർത്ഥികളും കാണുന്നു. മറ്റ് അദ്ധ്യാപക തസ്തികയിൽ നിയമനം ലഭിച്ചവർക്കും സമാന അനുഭവമാണുള്ളത്. ഈ സാഹചര്യത്തിൽ തങ്ങളുടെ അർഹമായ ആവശ്യം നേടിയെടുക്കാനായി ശക്തമായ സമര മാർഗങ്ങൾ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് നിയമന ശുപാർശയും നിയമന ഉത്തരവും ലഭിച്ച ഉദ്യോഗാർത്ഥികൾ.

നിയമനം കാത്തിരിക്കുന്നത്

പാലക്കാട് 44

തിരുവനന്തപുരം 27

തൃശൂർ 23

കണ്ണൂർ 20

ആലപ്പുഴ 15

മലപ്പുറം 13

കാസർകോട് 10

പത്തനംതിട്ട 7

കൊല്ലം 8

ഇടുക്കി 8

കോട്ടയം 5

ആകെ : 180 പേർ

മാസങ്ങളായി കാത്തിരിക്കുകയാണ്. അദ്ധ്യാപക നിയമനം വേഗത്തിലാക്കി ആശങ്കകൾ ദൂരീകരിച്ച് നിയമനം നൽകണം.

ആൾ കേരള യു.പി സ്‌കൂൾ അസിസ്റ്റന്റ് അഡ്വൈസ് മെമ്മോ അസോസിയേഷൻ