കണ്ണൂർ: ഇന്ധനലാഭത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും വഴിയൊരുക്കുന്ന ചരക്കുലോറികൾ ട്രെയിനിൽ കയറ്റിക്കൊണ്ടു പോകുന്ന റോ- റോ ( റോൾ ഓൺ, റോൾ ഓഫ് ) സംവിധാനത്തിനു കണ്ണൂരും പരിഗണനയിൽ. ട്രയൽ റൺ വിജയകരമായ സാഹചര്യത്തിൽ ഉടൻ തന്നെ റോ- റോ സർവ്വീസ് തുടങ്ങാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിനായി കണ്ണൂരിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിഗണിക്കപ്പെടാൻ സാധ്യതയേറി. ഇതിനായി ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള വേയ് ബ്രിഡ്ജ്, റാംപ് സൗകര്യം എന്നിവ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള പ്രാഥമിക വിവര ശേഖരണം റെയിൽവെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
ചരക്കുലോറികൾ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം സൗത്ത് സ്റ്റേഷനിലുണ്ടെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ. ഉഡുപ്പി മുതൽ കോഴിക്കോട് വെസ്റ്റ് ഹിൽ വരെയുള്ള പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.
പത്തോ അതിലധികമോ ചക്രങ്ങളുള്ള ടോറസ് ലോറികളായിരിക്കും കൂടുതലും. നിലവിൽ കർണാടകയിലെ സൂറത്കലിൽ ഇറക്കിയാണ് റോഡ് മാർഗം ലോറികൾ കേരളത്തിലേക്ക് വരുന്നത് .പുതിയ സംവിധാനം വരുന്നതോടെ മുംബൈയിൽ നിന്നും മറ്റും വരുന്ന ചരക്ക് ലോറികൾ സൗത്ത് സ്റ്റേഷനിലെത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം ജില്ലയിലെ മറ്റു സ്ഥലങ്ങളിലെത്തിക്കാൻ കഴിയുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. ഈ ട്രെയിൻ കടന്നു വരുന്നിടത്ത് കാസർകോട്, കണ്ണൂർ റെയിൽവെ സ്റ്റേഷനുകളിൽ ചെറിയ മാറ്റം വരുത്തേണ്ടതൊഴിച്ചാൽ മറ്റുതടസ്സങ്ങളൊന്നുമില്ലെന്നും റെയിൽവെ വിലയിരുത്തിയിരുന്നു.
തുടക്കം കൊങ്കണിൽ
2009 ലാണ് കൊങ്കൺ റെയിൽവെ രാജ്യത്ത് ആദ്യമായി റോ- റോ സർവ്വീസിന് തുടക്കമിട്ടത്. ഇതു വിജയം കണ്ടതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽ തുടങ്ങിയത്. കൊങ്കൺ വഴി കേരളത്തിൽ എറണാകുളം വരെയെങ്കിലും റോ- റോ സർവീസ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
റോറോ നിലവിൽ -സൂറത്ത്കൽ മുതൽ മംഗലാപുരം വരെ
നേട്ടം- മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള തുകയുടെ പകുതി മതി