ചായ്യോത്ത്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ കാസർകോട് ജില്ലാ തല ബെസ്റ്റ് പി.ടി.എ പുരസ്കാരം സെക്കൻഡറി തലത്തിൽ ചായ്യോത്ത് ജി.എച്ച്.എസ്.എസിന്. 1956 ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയം 1976 ൽ യു.പി സ്കൂളായും, 1980 ൽ ഹൈസ്കൂളായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെടുകയുണ്ടായി. കേവലം ഒരക്കസംഖ്യയിൽ തുടങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോൾ 2500 കടന്നിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന വിശാലവും മനോഹരവുമായ ക്യാമ്പസാണ് വിദ്യാലയത്തിനുള്ളത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 61 എ പ്ലസടക്കം 100 ശതമാനം വിജയം നേടി ജില്ലയിൽ തന്നെ എസ്.എസ്.എൽ.സി യിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം നേടി. പുറമേ ഹയർ സെക്കൻഡറിയിൽ 25 എ പ്ല സോടെ 96 ശതമാനം വിജയമാണ് ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയത്. എൽ.എസ്.എസ് (35) യു.എസ്.എസ് (23), എൻ.എം.എം.എസ് (5) എന്നിങ്ങനെ പൊതു പരീക്ഷകളിലെ വിജയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാണ്.
പി.ടി.എയുടെ നിരന്തരമായ ഇടപെടലിലൂടെ വിവിധ ഏജൻസികളുടെ നല്ല തോതിലുള്ള ഫണ്ടിംഗ് വിദ്യാലയത്തിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒപ്പം പി.ടി.എ തനത് രൂപത്തിൽ കണ്ടെത്തുന്ന ഫണ്ടും ചേർത്ത് വലിയ മാറ്റങ്ങളാണ് ഈ കാലയളവിൽ ഭൗതിക രംഗത്ത് സ്കൂളിൽ ഉണ്ടാക്കിയത്. മികച്ച എസ്.പി.സി., എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്ലബ്ബുകളാണ് ഈ വിദ്യാലയത്തിലേത്.
സ്വന്തമായി നോട്ടുപുസ്തകങ്ങളടക്കം നിർമ്മിക്കുന്നതിന് പുറമേ വിഷൻ 2021 എന്ന പേരിൽ വിശദമായ വികസന പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ്. ചിൽഡ്രൻസ് പാർക്ക്, ജൈവോദ്യാനം, കേന്ദ്രീകൃത കുടിവെള്ള സംവിധാനം ഒക്കെ പി.ടി.എയുടെ ഈ പദ്ധതിയിലുണ്ട്. സ്വന്തമായി 3 ബസ്സുകളുമുണ്ട്. കെ.വി ഭരതൻ പ്രസിഡന്റും പ്രിൻസിപ്പൽ ടി.വി.പ്രകാശ് സെക്രട്ടറിയും, ഹെഡ്മാസ്റ്റർ പി.കെ. നാരായണൻ ട്രഷററുമായ പി.ടി.എ കമ്മിറ്റിയാണ് വിദ്യാലയത്തിലുള്ളത്. ഷീബയാണ് മദർ പി.ടി.എ പ്രസിഡന്റ്.