photo
റസ്റ്റ് ഹൗസ്

പഴയങ്ങാടി: മാടായി റസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞത് കടലാസിൽ ഒതുങ്ങി. പ്രഖ്യാപനം കഴിഞ്ഞു രണ്ടര വർഷമായെങ്കിലും റസ്റ്റ് ഹൗസ് നിർമ്മാണത്തിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നിലവിലുള്ള കെട്ടിടം നിലനിർത്തി അറ്റകുറ്റ പ്രവൃത്തികൾ നടത്തിയും ബാക്കി സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനുള്ള എസ്റ്റിമേറ്റ് തയറാക്കി കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടന്നില്ല. പഴയ കെട്ടിടത്തിൽ പെയിന്റ് അടിച്ചു എന്നത് ഒഴിച്ചാൽ മറ്റൊന്നുമുണ്ടായില്ല.

നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച സൗകര്യം കുറഞ്ഞ കെട്ടിടത്തിലാണ് റസ്റ്റ് ഹൗസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മാടായി പാറയിൽ പലവിധത്തിലുള്ള പഠന ക്യാമ്പുകൾ നടക്കാറുണ്ടങ്കിലും ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാൻ സൗകര്യമില്ലാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. രണ്ട് ചെറിയ മുറികൾ മാത്രമാണ് നിലവിലെ റസ്റ്റ് ഹൗസിലുള്ള സൗകര്യം.

ചരിത്രമുറങ്ങുന്ന ബംഗ്ലാവ്

1810ൽ ബ്രിട്ടീഷുകാർ ബംഗ്ളാവ് ആയി നിർമ്മിച്ച റസ്റ്റ് ഹൗസ് കെട്ടിടം മലയാള നിഘണ്ടുവിന്റെ പിതാവായ ഹെർമ്മൻ ഗുണ്ടർട്ട്, ആദ്യമായി മലബാർ ചരിത്രമായ മലബാർ മാന്യുൽ എഴുതിയ മലബാർ കളക്ടർ വില്യം ലോഗൻ തുടങ്ങിയ ചരിത്ര പുരുഷന്മാർ മുതൽ സംസ്ഥാനത്തെ മികച്ച സാഹിത്യകാരന്മാർ, രാഷ്ട്രീയ പ്രമുഖർ, മന്ത്രിമാർ തുടങ്ങിയവർക്ക് ആദിത്യമരുളിയിട്ടുണ്ട്. പല സിനിമകളും ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ രേഖകളിൽ നിന്ന് പോലും ഈ ചരിത്ര സ്മാരകത്തെ നീക്കം ചെയ്തിരിക്കുകയാണ്. രണ്ട് നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള റസ്റ്റ് ഹൗസ് നവീകരിച്ച് സംരക്ഷിക്കണമെന്നാണ് ആവശ്യം.

വിഷയം നിയമസഭയിലും

ഏഴിമല നേവൽ അക്കാഡമി, മാടായിപ്പാറ, വയലപ്ര ഫ്ലോട്ടിംഗ് പാർക്ക്, ചൂട്ടാട് പാർക്ക്, മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി, നിരവധി തീർത്ഥാടകർ എത്തുന്ന മാടായിക്കാവ് എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തിചേരുന്നവർക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ എരിപുരത്ത് മാടായിപ്പാറയിൽ പ്രവർത്തിച്ചു വരുന്ന മാടായി റസ്റ്റ് ഹൗസ് നവീകരിക്കണമെന്ന് എം.എൽ.എ ടി.വി. രാജേഷ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.