file-1
ഗ്യാസ് സിലിണ്ടർ തുരുമ്പെടുത്ത നിലയിൽ

കണ്ണൂർ: പാചകവാതക സിലിണ്ടറിന്റെ അടിഭാഗം തുരുമ്പെടുക്കുന്നത് ഉപഭോക്താക്കളിൽ കടുത്ത ആശങ്ക പടർത്തുന്നു. സിലിണ്ടറുകളുടെ അടിയിൽ ജലാംശമുള്ളതായും ഇതിന്റെ കാരണം അന്വേഷിച്ചിട്ടും വിതരണക്കാർക്ക് വ്യക്തമായ മറുപടിയില്ലെന്നും പറയുന്നു. എന്നാൽ ആശങ്കപ്പെടേണ്ടെന്നാണ് ഇക്കാര്യത്തിൽ ഗ്യാസ് ഏജൻസി അധികൃതർ പറയുന്നത്.

സിലിണ്ടർ വീടുകളിലെത്തിച്ചാൽ ഒരാഴ്ച കൊണ്ട് തന്നെ തുരുമ്പെടുക്കുന്നുണ്ടെന്നാണ് വീട്ടമ്മമാർ പറയുന്നത്. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളോ സംശയങ്ങളോ തോന്നുകയാണെങ്കിൽ ബന്ധപ്പെട്ട വിതരണക്കാരെ വിളിച്ച് പരിശോധിപ്പിക്കണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. സിലിണ്ടർ ഉപയോഗിക്കുന്ന രീതിയിലുള്ള വീഴ്ചയും ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

സിലിണ്ടറുകൾ ഉപയോഗിക്കാതെ വയ്ക്കുന്നതും ഇതിന്റെ ഗുണനിലവാരം കുറയ്ക്കുമെന്നും പറയുന്നു. ചില വീടുകളിൽ സിലിണ്ടറുകൾ വാങ്ങിവച്ചശേഷം വീട്ടുകാർ വിദേശത്തേക്കും മറ്റും പോകും. സിലിണ്ടർ ദീർഘകാലം ഇവിടെ ഉപയോഗിക്കാതെ കിടക്കുകയും പിന്നീടിവർ തിരികെയെത്തിയതിന് ശേഷമായിരിക്കും മാറ്റിനല്കുക. ഇത്തരം സിലിണ്ടറുകൾ തന്നെ പിന്നീട് റീഫിൽ ചെയ്തു മറ്റുവീടുകളിലെത്തിക്കും.

അതുപോലെ ഉപയോഗം കഴിഞ്ഞാൽ സിലിണ്ടർ ഓഫ് ചെയ്യാതെ പോകുന്നതും ദുരന്തങ്ങൾക്ക് വഴിവച്ച അനുഭവം ഉണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും എജൻസി അധികൃതർ പറയുന്നു.

സിലിണ്ടറിന്റെ കാലാവധി തിരിച്ചറിയാം

സിലിണ്ടറിന് മുകളിൽ ഇംഗ്ളീഷ് അക്ഷരത്തിലും അക്കത്തിലുമായി ഇതിന്റെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉപയോഗിക്കാവുന്ന മാസങ്ങളുടെ കോഡും വർഷവുമാണിത് സൂചിപ്പിക്കുന്നത്. എ എന്ന അക്ഷരം ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളെയും ബി ഏപ്രിൽ മുതൽ ജൂൺ വരെയും സി ജൂലായ് മുതൽ സെപ്തംബർ വരെയും ഡി ഒക്ടോബർ മുതൽ ഡിസംബർ വരെയും സൂചിപ്പിക്കുന്നു. തുടർന്ന് രണ്ടക്കങ്ങളുണ്ടാകും. ഇത് വർഷത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എ 22 എന്നാണ് രേഖപ്പെടുത്തിയതെങ്കിൽ 2022 മാർച്ച് വരെയാണ് കാലാവധി എന്നർത്ഥം.