തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ സ്ത്രീ കൂട്ടായ്മയുടെ പ്രഥമ സംരംഭം സമൃദ്ധി ടെക്സ്റ്റൈൽ ക്ലസ്‌റ്റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മുന്നോട്ടുള്ള പ്രവർത്തന ക്രമീകരണങ്ങളും ചിങ്ങം ഒന്നിന് തുടക്കം കുറിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറയിലാണ് പദ്ധതിക്ക് അനുയോജ്യമായ അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുള്ള സ്ത്രീ ശാക്തീകരണ സ്വയം തൊഴിൽ നൈപുണ്യ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വലിയപറമ്പ് സ്ത്രീ കൂട്ടായ്മ നടപ്പിലാക്കുന്നത് . യൂണിറ്റിൽ 2000 മുതൽ 2500 പേർക്ക് സ്ഥിരമായും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. സമ്പൂർണ ടെക്സ്റ്റൈൽ ക്ലസ്റ്ററിൽ പഞ്ഞിയിൽ നിന്നും നൂലും, നൂലിൽ നിന്നു വളരെ ഉയർന്ന നിലവാരത്തിലുള്ള വിവിധ വർണ്ണത്തിലുള്ള മനോഹരമായ തുണിത്തരങ്ങൾ , പട്ടുകളുടെ ഉത്പാദനം, ലോകനിലവാരത്തിനോട് കിടപിടിക്കുന്ന റെഡിമെയ്ഡ് ഗാർമെന്റ്സ്, പ്രിന്റിംഗ് ആൻഡ്‌ കളറിംഗ് യൂണിറ്റുകൾ, മോഡലിംഗ് സെലക്ഷൻസ്, ടെക്സ്റ്റൈലുമായി ബന്ധപ്പെട്ടുള്ള വിവിധ പഠന സൗകര്യങ്ങൾ, പരീക്ഷണങ്ങൾ പുതിയ സാങ്കേതിക മുന്നേറ്റത്തിനായുള്ള യൂണിറ്റ്, ട്രെയിനിംഗ് സെന്ററുകൾ, മാർക്കറ്റിംഗ് യൂണിറ്റുകൾ തുടങ്ങിയവ ഈ ക്ലസ്റ്ററിന്റെ ഭാഗമാണ്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് 70കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാർത്താ സമ്മേളനത്തിൽ എം സ്വപ്ന, ശാരദ ഗണേശൻ, പാർവ്വതി സുകുമാരൻ, രവി കുളങ്ങര, കെ.വി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.