corona

കണ്ണൂർ: ജില്ലയിൽ ആശങ്ക ഉളവാക്കുന്ന തരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. യുവാക്കൾക്കിടയിലാണ് ഇപ്പോൾ കൂടുതൽ കൊവിഡ് കേസുകൾ. അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുന്നതും കൂട്ടം ചേരുന്നതും പൂർണമായും ഒഴിവാക്കിയാൽ മാത്രമേ ഇതു നിയന്ത്രിക്കാനാവൂ. അതിർത്തികടന്നുള്ള യാത്രകൾ ഒഴിവാക്കണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ സമ്പർക്ക സാദ്ധ്യത വർദ്ധിച്ചതിനാൽ സ്വയം ജാഗ്രത പാലിക്കൽ അനിവാര്യമാണ്.

പ്രതിദിനം നൂറിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയിൽ രോഗവ്യാപനത്തിന്റെ തോത് ഉയർന്നു വരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. സമ്പർക്ക രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയുടെ അടിസ്ഥാനത്തിൽ പരിയാരം, കടന്നപ്പള്ളി, ഇരിക്കൂർ, ഇരിട്ടി, തളിപ്പറമ്പ് മേഖലകളെ ക്ലസ്റ്ററുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറവിടമില്ലാത്ത കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.