കണ്ണൂർ: കാനാമ്പുഴ നദി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കാപ്പാട് - പെരിങ്ങളായി നീർത്തട മേഖലയിൽ 1.86 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. പ്രദേശവാസികളുടെ പങ്കാളിത്തതോടെ മണ്ണ് - ജല സംരക്ഷണ വകുപ്പാണ് നീർത്തട സംരക്ഷണ പദ്ധതി തയ്യാറാക്കി സംസ്ഥാന സർക്കാരിനു സമർപ്പിച്ചത്. നബാർഡ് വഴിയാണ് പ്രവർത്തനാനുമതി നൽകിയത്.
പുഴയിലേക്ക് വെള്ളം വന്നു ചേരുന്ന കാപ്പാട് - പെരിങ്ങളായി മേഖലയിൽ നീർത്തടാധിഷ്ഠിത വികസന പരിപാടി നടപ്പിലാക്കാനാണ് തുക വിനിയോഗിക്കുക. മഴക്കാലത്തിനു മുമ്പും ശേഷവും നടത്തേണ്ട മണ്ണ്, ജല സംരക്ഷണ പ്രവർത്തനത്തിനാണ് പദ്ധതി പ്രാധാന്യം നൽകുന്നത്. തുലാവർഷ മഴവെള്ള സംരക്ഷണത്തിനും പദ്ധതിയുണ്ട്. മൺതിട്ടകൾ ഉണ്ടാക്കുക, ജൈവവേലികൾ നിർമ്മിക്കുക, നീർച്ചാലുകൾ വൃത്തിയാക്കുക, ജിയോ ടെക്സ്റ്റൈൽസ് വിരിക്കുക, കിണർ റീചാർജ്ജ് ചെയ്യുക തുടങ്ങിയവ നടപ്പിലാക്കാനും ഇതുവഴി കൃഷി പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ബാക്കിയുണ്ട് മൂന്ന് പ്രവൃത്തികൾ
കാനാമ്പുഴ അതിജീവന സമിതി സംസ്ഥാന സർക്കാരിനു നൽകിയ സമഗ്ര പദ്ധതിയിൽ ഉൾപ്പെടുന്നതാണ് കാപ്പാട് - പെരിങ്ങളായി നീർത്തട സംരക്ഷണം. കാനാമ്പുഴ നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി ഇതിനോടകം ചേലോറ പള്ളി മുതൽ താഴെചൊവ്വ വലിയ ചീപ് വരെ പുഴയിൽ നിന്നും മണ്ണ് നീക്കം ചെയ്ത് രണ്ട് പുതിയ തടയണകൾ നിർമ്മിക്കുകയും പഴയ തടയണകൾ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. മൂന്ന് പ്രധാന പ്രവൃത്തികളാണ് ഇവിടെ ബാക്കിയുള്ളത്. 4.40 കോടിയുടെ പ്രവൃത്തിക്ക് പുതുതായി ടെൻഡർ ലഭിച്ചിട്ടുണ്ട്.
താഴെചൊവ്വ ഭാഗത്തെ പ്രവൃത്തിയുടെ സാങ്കേതിക അനുമതിയുടെ നടപടിക്രമങ്ങളും പൂർത്തീകരിച്ചു വരികയാണ്. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും ജലസേചന വകുപ്പിൽ നിന്ന് 1.8 കോടി രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്.