nayikali
ടൂറിസം കേന്ദ്രമായി മാറുന്ന നായിക്കാലി തുരുത്ത്

മട്ടന്നൂർ: കൂടാളി പഞ്ചായത്തിലെ നായിക്കാലി തുരുത്തിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉടൻ തുടങ്ങും. മഴക്കാലം തീരുന്നതോടെ നിർമ്മാണത്തിന് തുടക്കം കുറിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. 20 കോടിയിലധികം രൂപ ചെലവഴിച്ചാണ് നായിക്കാലിയെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിക്ക് മന്ത്രി ഇ.പി.ജയരാജൻ തറക്കല്ലിട്ടത്. പദ്ധതിയുടെ രൂപരേഖ ഉൾപ്പടെ തയ്യാറായി. ആദ്യഘട്ടം ആറുകോടി രൂപ ചെലവ് വരുന്ന നിർമ്മാണമാണ് നടക്കുക. വയനാട്ടിലെ കുറുവ ദ്വീപിന്റെ മാതൃകയിലുള്ളതായിരിക്കും നായിക്കാലി വിനോദസഞ്ചാരകേന്ദ്രം. വിദേശസഞ്ചാരികളെയടക്കം ആകർഷിക്കുന്ന ടൂറിസം കേന്ദ്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിഭംഗി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് നിർമ്മാണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലാണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്.

മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുന്നതിനെ തുടർന്ന് പദ്ധതി പ്രദേശം വെള്ളത്തിനടിയിലാകുന്നത് നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നായിക്കാലി പ്രദേശത്താകെ വെള്ളം കയറിയിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് നടത്തുകയെന്ന് അധികൃതർ പറയുന്നു.

നായിക്കാലി

വളപട്ടണം പുഴയുടെ മണ്ണൂർ ഭാഗത്ത് കൂടാളി പഞ്ചായത്തിന്റെയും മട്ടന്നൂർ നഗരസഭയുടെയും അതിർത്തിയിൽ ദ്വീപിന് സമാനമായ സ്ഥലമാണ് നായിക്കാലി. കണ്ണൂർ വിമാനത്താവളത്തിൽനിന്നും പത്ത് കിലോമീറ്റർ ദൂരം.

ഒരുക്കുന്നത്

കുട്ടികളുടെ പാർക്ക്, തടികൊണ്ടുള്ള തൂക്കുപാലം, എഫ്.ആർ.പി പെഡൽ ബോട്ടുകൾ, പാർക്കിംഗ് ഏരിയ, ഇരിപ്പിടങ്ങൾ, ബോട്ട് ജെട്ടി, ട്രീ ഹട്ടുകൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ. ഹോം സ്‌റ്റേ, പക്ഷിസങ്കേതം, പുഷ്‌പോദ്യാനം തുടങ്ങിയവയും സജ്ജീകരിക്കും