കാസർകോട്: കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ ജീവനക്കാരൻ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ് ഏതാണ്ട് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. കുമ്പള ഇൻസ്പെക്ടർ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി കുമ്പള കുണ്ടങ്കാരടുക്കയിലെ ശ്രീനിലയത്തിൽ ശരത്ത് എന്ന ശ്രീകുമാറിനെ (27) ചോദ്യം ചെയ്തപ്പോൾ ആണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട ഹരീഷും പ്രതി ശ്രീകുമാറും തമ്മിൽ കടുത്ത ശത്രുതയുണ്ടാകാൻ കാരണമായത് സ്ത്രീയുമായുള്ള രഹസ്യബന്ധം തന്നെയാണെന്ന് പ്രതി ശ്രീകുമാർ മൊഴി നൽകി. ഇരുവരും ജോലി ചെയ്യുന്ന ഓയിൽ മില്ലുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സ്ത്രീയുമായി ശ്രീകുമാറിനുള്ളതായി പറയുന്ന രഹസ്യബന്ധത്തെ കൊല്ലപ്പെട്ട ഹരീഷ് ചോദ്യം ചെയ്തിരുന്നു. 15 വർഷമായി മില്ലിൽ ജോലി ചെയ്യുന്ന ഹരീഷ് ആണ് മാനേജർ സ്ഥാനത്തിരുന്ന് എല്ലാം നോക്കിനടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഡ്രൈവറായി ജോലിക്ക് എത്തിയ ശ്രീകുമാറിന് സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ഹരീഷ് അതിനെ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മില്ലിൽ ഏറ്റുമുട്ടുകയും ചെയ്തു. ഒരു ദിവസം ലോഡ് ഇറക്കുന്നതിനെ ചൊല്ലിയും അടിപിടി നടന്നിരുന്നു. നിന്നെ കൊല്ലുമെന്ന് ശ്രീകുമാർ ഭീഷണി മുഴക്കിയതായും പറയുന്നു . അതിനിടെ നീ ഇനിമുതൽ മില്ലിൽ ജോലിക്ക് വരേണ്ടെന്ന് ഹരീഷ് പറഞ്ഞിരുന്നു. സ്ത്രീബന്ധം ആരോപിച്ചാണ് ഹരീഷ് പിരിച്ചുവിടൽ ഭീഷണി മുഴക്കിയത്. ഇതോടെ വൈരാഗ്യം ഇരട്ടിക്കുകയും സുഹൃത്തുക്കളെ ഒപ്പം കൂട്ടി കൊല നടത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
നാലാമനെ തേടി
കൊല നടത്താൻ എത്തിയ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലാമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സ്ത്രീവിഷയം ഉണ്ടെന്ന സൂചനകളെ തുടർന്ന് ശ്രീകുമാറുമായി ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീയെ കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് സംഭവ ദിവസം രാത്രിതന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഹരീഷ് കൊല്ലപ്പെട്ടതറിഞ്ഞു രാത്രി തന്നെ ഈ സ്ത്രീ ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പറയുന്നുണ്ട്. അതേസമയം കൊലപാതകവുമായി സ്ത്രീക്കോ അവരുടെ കുടുംബത്തിനോ ബന്ധമുണ്ടെന്ന് വെളിപ്പെട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഇവരിൽ നിന്നെല്ലാം പൊലീസ് മൊഴിയെടുക്കും. അതേസമയം കേസിൽ അറസ്റ്റും തെളിവുകൾ കണ്ടെത്താനുള്ള നടപടികളുമാണ് ഇതുവരെ നടത്തിയതെന്നും വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതേയുള്ളുവെന്നും കുമ്പള ഇൻസ്പെക്ടർ പി പ്രമോദ് പറഞ്ഞു.