pic

കാസർകോട് : സ്ത്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദേശ ബന്ധമുള്ള ബ്ലാക്ക് മെയിൽ തട്ടിപ്പു സംഘം കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്നു. ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സംഘത്തിന്റെ ഗൂഢനീക്കത്തിൽ നിന്ന് രക്ഷപ്പെട്ട മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉപ്പളയിലെ ജാസ് മൊബൈൽ ഷോപ്പ് ഉടമ മുഹമ്മദ് സാക്കിറിന്റെ പരാതിയിൽ കാസർകോട് ചൗക്കിയിലെ സാജിത(31)യുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷിക്കുന്നത്. മൊബൈൽ കടം വാങ്ങിയ വകയിൽ നൽകാനുള്ള 5000 രൂപ തരാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തി ഗുണ്ടകളുടെ സഹായത്തോടെ കുരുക്കാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ്‌ സാക്കിർ ബ്ലാക്ക് മെയിൽ തട്ടിപ്പ് സംഘത്തിനെതിരെ കാസർകോട് ഡിവൈ. എസ്. പി പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സാജിത കടയിൽ എത്തി 5000 രൂപയുടെ സെക്കന്റ് ഹാൻഡ് മൊബൈൽ വാങ്ങിയത്. സ്ഥിരമായി റീചാർജ് ചെയ്യാൻ എത്തുമായിരുന്ന യുവതിയെ ഉടമക്ക് അറിയാമായിരുന്നു. ലോക്ക് ഡൗൺ കാരണം വിളിക്കാതിരുന്ന മുഹമ്മദ്‌ 15 ദിവസം കഴിഞ്ഞ് പണം ആവശ്യപ്പെട്ട് യുവതിയെ വിളിച്ചപ്പോൾ വീട്ടിൽ ആരുമില്ല, കൊവിഡ് കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല ഇങ്ങോട്ട് വന്നാൽ പണം തരാമെന്ന് പറയുകയായിരുന്നു. ആഗസ്റ്റ് 10 ന് എത്തിയ മുഹമ്മദിനോട്‌ വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞതിന് ശേഷം ഒരു യുവാവ് എത്തി വാതിൽ അടച്ചു പൂട്ടുകയും സ്ത്രീ മാത്രമുള്ള വീട്ടിൽ എത്തിയത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഗതി പന്തിയല്ലെന്ന് കണ്ട് യുവാവ്കാറിൽ കയറി രക്ഷപ്പെട്ടു. ഇതിനിടയിൽ കാറിനു അടുത്ത് നിൽക്കുന്ന എന്നെയും സിറ്റൗട്ടിൽ നിൽക്കുന്ന സാജിതയെയും ചേർത്ത് യുവാവ് വീഡിയോ പിടിച്ചുവെന്നും 20 ലക്ഷം രൂപ തന്നില്ലെങ്കിൽ ഈ വീഡിയോ പുറത്തുവിടും ജീവിതം തകർക്കുമെന്നും പറഞ്ഞു പലതവണ യുവതിയും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും മുഹമ്മദ് സാക്കിർ പരാതിയിൽ പറയുന്നു. മുഹമ്മദ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ പ്രശ്നം തീർക്കാൻ പാർട്ണറുമായി സംസാരിക്കാനെന്ന പേരിൽ വീണ്ടും വിളിപ്പിച്ചു പണം തട്ടാൻ നോക്കി. ഇതിന് പിന്നാലെ വിദേശത്തു നിന്നടക്കം നിരവധി കോളുകൾ മുഹമ്മദിന് വന്നു. നിന്നെയും ഭാര്യയെയും തട്ടിക്കളയും കുടുംബം കുളമാക്കും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞായിരുന്നു ഭീഷണി. പിന്നീട് ഗുണ്ടകൾ ഷോപ്പിലും വീട്ടിലും എത്തി. യുവതിയുടെ സുഹൃത്തായ സ്ത്രീയും ഉപ്പളയിൽ എത്തി ഭീഷണിപ്പെടുത്തി. വീട്ടിൽ പോയി ഭാര്യയോട് അപവാദം പറഞ്ഞു. തുടർന്നാണ് 12 ന് യുവാവ് പരാതി നൽകിയത്. പിറ്റേന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എസ് ഐ വിളിപ്പിച്ചത് പ്രകാരം എത്തിയ സാജിത കുടുങ്ങുമെന്നായപ്പോൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു. തട്ടിപ്പുകൾ നടത്തുന്ന സംഘത്തിന് കേരളത്തിലും കർണ്ണാടകയിലും വിദേശങ്ങളിലുമുള്ള ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു