കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ കുടുബശ്രീ ഷീ ഷോപ്പുകൾ ആരംഭിക്കുന്നു. ഓണവിപണി ലക്ഷ്യമിട്ടാണ് കുടുംബശ്രീയുടെ കീഴിൽ ഷീ ഷോപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. കൊവിഡ് സമ്പർക്ക രോഗവ്യാപനം വർദ്ധിച്ചതിനെ തുടർന്ന് ഭൂരിഭാഗം വാർഡുകളും ലോക്ക് ഡൗണിലായതിനാൽ 65 ഷീ ഷോപ്പുകളാണ് ആരംഭിക്കുന്നത്.

നേരത്തെ 100 ഷോപ്പുകൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഷീ ഷോപ്പുകളിലൂടെ പ്രകൃതിദത്തമായ മായം ചേർക്കാത്ത സാധനങ്ങൾ മിതമായ വിലയിൽ ലഭ്യമാകും. മുളക്‌പൊടി, മഞ്ഞൾപൊടി, വെജിറ്റബിൾ മസാല, സമ്പാർ പൊടി, പത്തിരിപ്പൊടി, ആട്ട, മീൻ മസാല, ചിക്കൻ മസാല എന്നിവയാണ് ഷീ ഷോപ്പുകളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ജില്ലയിലെ 50 കുടുംബശ്രീ യൂണിറ്റുകളാണ് കറി പൗഡറുകൾ നിർമ്മിച്ച് വിതരണത്തിനെത്തിക്കുന്നത്.

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറേയായത് കൊണ്ട് തന്നെ സാധാരണ ഇത്തരം ഉൽപ്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ ചെന്ന് വിൽപ്പന നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വിൽക്കാൻ കഴിയാതെ വരികയും വിൽപ്പന ഗണ്യമായി കുറയുകയും ചെയ്തു. ഷീ ഷോപ്പുകൾ തുറക്കുന്നതോടെ ഈ പ്രതിസന്ധി മറി കടക്കുമെന്നാണ് പ്രതീക്ഷ.

മാനദണ്ഡങ്ങൾ പാലിച്ച് ഓണ വിപണനമേളയും
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബശ്രീ ഓണം വിപണന മേളകളും സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഓണത്തിന് മുമ്പുള്ള 3 ദിവസങ്ങളിലാണ് മേള നടക്കുക. ഇത്തരത്തിലുള്ള 81 വിപണന മേളകളാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ കാർഷിക കാർഷികേതര സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽപ്പന നടത്തുക. മേളയിൽ ആളുകൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കാൻ ഓരോ വാർഡുകൾക്കും നിശ്ചിത സമയം നിർദേശിച്ച് നൽകും.

മായം ചേർക്കാത്ത സാധനങ്ങൾ മിതമായ വിലയിൽ ഷീ ഷോപ്പുകളിലൂടെ ലഭ്യമാകും. ഈ മാസം 25ന് മുമ്പ് ഷോപ്പുകൾ തുറക്കാണ് ഉദ്ദേശിക്കുന്നത് .

ഡോ. എം. സുർജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ