കൂത്തുപറമ്പ്: പാതയോരങ്ങളെ വികൃതമാക്കുന്നവർക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും കൂത്തുപറമ്പ് നിർമ്മലഗിരിയിലെ അപ്പച്ചൻ കളരിക്കൽ മനസറിഞ്ഞ് പഠിക്കേണ്ട ഒരു പാഠപുസ്തകമാണ്. കെ.എസ്.ടി.പി.റോഡിലെ നിർമ്മലഗിരി മുതൽ നീറോളിച്ചാൽ വരെയുള്ള അരകിലോമീറ്റർ ദൂരം അപ്പച്ചൻ വിവിധതരം ചെടികൾ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയിരിക്കുകയാണ്.
ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പാണ് തൂമ്പയും ചെടികളുമായി റോഡിലിറങ്ങാൻ ഇദ്ദേഹത്തിന് പ്രേരണയായത്. നാട്ടുകാരിൽ ചിലരുടെ പിന്തുണ കൂടിയായതോടെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനുള്ള കഠിനശ്രമമായിരുന്നു പിന്നീട്. എന്നും കാലത്ത് പണിയായുധങ്ങളും, ചെടികളുമായി വീട്ടിൽ നിന്നിറങ്ങും. തലശ്ശേരി-കൂർഗ് കെ.എസ്.ടി.പി.റോഡിലെ നിർമ്മലഗിരി മുതൽ നീറോളിച്ചാൽ വരെയുള്ള ഡിവൈഡർ ഹരിതാഭമാക്കിയിരിക്കുകയാണ് ഇദ്ദേഹം. വീട്ടിലെ ചെടികൾക്ക് പുറമെ പണം കൊടുത്ത് വാങ്ങിയും ചെടികൾ നട്ടുപിടിപ്പിച്ചു. ചെടികൾക്ക് വളരാൻ ആവശ്യമായ ജൈവവളവും കാശുകൊടുത്തുവാങ്ങി. മഹത്തായ ഈ ഉദ്യമത്തിന് പിന്തുണയുമായി അപ്പച്ചനെ അടുത്തിടെ കൂത്തുപറമ്പ് ജനമൈത്രി പൊലീസ് അനുമോദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് പൂക്കോട് മുതൽ നിർമ്മലഗിരി വരെയുള്ള ഭാഗത്തെ കെ.എസ്.ടി.പി.റോഡിൽ ചെടികൾ വച്ച് പിടിപ്പിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
44 വർഷം തലശ്ശേരി ബിഷപ്പ് ഹൗസിലെ ജീവനക്കാരനായിരുന്ന അപ്പച്ചൻ ദിവംഗതനായ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ ഡ്രൈവറായിരുന്നു. ബിഷപ്പിൽ നിന്നാണ് പ്രകൃതിയോടുള്ള സ്നേഹം പകർന്നുകിട്ടിയതെന്ന് കളരിക്കൽ പറയുന്നു. പൊതുസ്ഥലങ്ങളും, റോഡുകളുമെല്ലാം ഒരു വിഭാഗം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഈ 63 കാരൻ ഒരു തിരുത്തായി തൂമ്പയുമായി പൊതുയിടത്തിലുള്ളത്.